LiveTV

Live

Kerala

പ്രാക്ടീസ് ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് ഈവനിംഗ് കോഴ്സിലെ വിദ്യാര്‍ത്ഥികളോട് എം ജി സര്‍വകലാശാല

പ്രാക്ടീസ് ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് ഈവനിംഗ് കോഴ്സിലെ വിദ്യാര്‍ത്ഥികളോട് എം ജി സര്‍വകലാശാല
Summary
സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ സമരവുമായി വിദ്യാര്‍ഥി സംഘടനകള്‍

മുപ്പതുവയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് നിയമം പഠിക്കണമെങ്കില്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന എംജി സര്‍വകലാശാല ഉത്തരവിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എംജി സര്‍വകലാശായ്ക്കു കീഴിലുള്ള സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്സിലെ ഈവനിംഗ് കോഴ്സിലെ വിദ്യാര്‍ഥികളോടാണ് സര്‍വകലാശാല വിചിത്ര നിര്‍ദ്ദേശം നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്സില്‍ എല്ലാ ദിവസവും ക്ലാസ് നടക്കുന്ന ഈവനിംഗ് കോഴ്സിലെ വിദ്യാര്‍ഥികളോടാണ് വിചിത്രമായ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍വകലാശാല നിര്‍ദ്ദേശിച്ചത്. 30 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് സ്ഥാപനത്തില്‍ നിയമം പഠിക്കണമെങ്കില്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും സര്‍വകലാശാല നിര്‍ദ്ദേശിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു.

കൂടാതെ ഏതെങ്കിലും കാരണത്താല്‍ ഭാവിയില്‍ കോഴ്സിന്റെ അംഗീകാരം നഷ്ടപ്പെട്ടാല്‍ അതിന് സര്‍വ്വകലാശാല ഉത്തരവാദി അല്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഇവയൊക്കെ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാത്ത ബാച്ചിലെ 25 വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല പുറത്താക്കി. എന്നാല്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍റേതാണ് തീരുമാനമെന്നും കൂടുതല്‍ പ്രതികരണം സിന്‍ഡിക്കേറ്റാണ് നടത്തേണ്ടതെന്നും വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ സമരവുമായി മുന്നോട്ടുപോകാനാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം