LiveTV

Live

Kerala

കെഎഎസ്: ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

കെഎഎസ്: ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്
Summary
ആരെതിര്‍ത്താലും സെക്രട്ടറിയേറ്റില്‍ കെഎഎസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുന്നു. 25 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. പ്രതിപക്ഷ സംഘടനകള്‍ ഇന്ന് സെക്രട്ടറിയേറ്റ് ബഹിഷ്കരിച്ചപ്പോള്‍ സിപിഎം-സി പി ഐ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ അവധിയെടുത്താണ് പ്രതിഷേധിച്ചത്.

50 ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച യോഗത്തിലും തീരുമാനമാകാത്തതിനെ തുടര്‍ന്നായിരുന്നു ജീവനക്കാരുടെ ജോലി ബഹിഷ്കരണം. ശമ്പളത്തേയും സ്ഥാനക്കയറ്റത്തേയും ബാധിക്കാതെയാകും കെഎഎസ് പരിഷ്കരിക്കണമെന്ന വാദം അംഗീകരിച്ച് സിപിഎം അനുകൂല സംഘടനകള്‍ വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ്, ബിജെപി, അനുകൂല സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. ജോലി ബഹിഷ്കരിച്ച ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.

ജോലി ബഹിഷ്കരിച്ച ജീവനക്കാരുടെ ഇന്നത്തെ ശമ്പളം നല്‍കേണ്ടെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഹാജര്‍ നില പരിശോധിച്ച് സമരത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സെക്ഷന്‍ ഓഫീസര്‍മാരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂചനാപണിമുടക്കിന് ശേഷം ഉപവാസവും നിരാഹാരയും അടക്കം ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

എന്നാല്‍ ആരെതിര്‍ത്താലും സെക്രട്ടറിയേറ്റില്‍ കെഎഎസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കൊണ്ടുവേണം സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതെന്നായിരുന്നു കെഎഎസ് പരിഷ്കരിക്കണത്തെ കുറിച്ചുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമുളള സ്ഥലം മാറ്റങ്ങള്‍ പദ്ധതി നിര്‍വഹണം മുടങ്ങാന്‍ കാരണമാകുന്നുണ്ട്. ഏകാധിപത്യമായ തീരുമാനമല്ല, എന്താണ് പ്രശ്നം എന്ന് പഠിച്ച് യാഥാര്‍ഥ്യബോധത്തോടെ നിലപാടെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് എന്‍ജിഒ അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.