കണ്ണൂര്‍ സ്ഫോടനം: സിപിഎം - സിപിഐ പോര് മുറുകുന്നു
പൊടിക്കുണ്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സിപിഎം - കോണ്‍ഗ്രസ് പോര് മൂര്‍ച്ഛിക്കുന്നു. പൊടിക്കുണ്ട് സ്ഫോടനത്തില്‍ അറസ്റ്റിലായ അനു മാലിക്കിനെ മുമ്പ് കേസുകളില്‍ നിന്നും രക്ഷപ്പെടുത്തിയത് കെ സുധാകരനാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. അനു മാലിക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതു കാണുന്നുള്ളൂവെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ചാലാട് സ്വദേശി അനു മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചതിന് പോലീസ് മുമ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസുകളില്‍ നിന്നും അനു മാലിക്കിനെ രക്ഷിച്ചത് കെ സുധാകരനാണെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും പാര്‍ട്ടി ആവശ്യപ്പെട്ടു.
സ്ഫോടനത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎം സമരത്തിനിറങ്ങുന്നത് പരിഹാസ്യമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം.