LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട: ഏറ്റുമുട്ടല്‍ കൊലയെന്ന് ബന്ധുക്കള്‍

Summary
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടത് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയുണ്ട്

നിലന്പൂരില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലിലൂടെയല്ല കൊല്ലപ്പെട്ടതെന്ന് കുപ്പു ദേവരാജിന്റെ ബന്ധുക്കള്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയതിലടക്കം നിയമലംഘനം നടന്നിട്ടുണ്ടെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില് അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍, അമ്മ മണിയമ്മാള്‍, സഹോദരി എന്നിവരും ബന്ധുക്കളുമാണ് മൃതദേഹങ്ങള്‍ കാണാന്‍ കോഴിക്കോട് മെഡിക്കല് കോളജ് മോര്‍ച്ചറിയിലെത്തിയത്. വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് നടത്തിയ കൊലപാതകമാണ് നടന്നതെന്ന് മൃതദേഹം കണ്ട് പുറത്തിറങ്ങിയ ശേഷം ശ്രീധരന്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടത് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയുണ്ട്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും വരെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആരോപണം.