അടഞ്ഞ് കിടക്കുന്ന കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ ഓണത്തിന് മുമ്പ് തുറക്കുമെന്ന് പുതിയ എംഡി

കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ ഓണത്തിന് 15 ദിവസത്തിന് മുന്‍പെങ്കിലും തുറക്കുമെന്ന് പുതിയ എംഡി ടിഎഫ് സേവ്യര്‍. വര്‍ഷത്തില്‍ 300 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദഹം പറഞ്ഞു. കോര്പ്പറേഷന് തോട്ടണ്ടി വാങ്ങുന്നതിനായി സ്വീകരിച്ച ഏഴാമത്തെ ടെന്‍ഡര്‍ ഇന്ന് വൈകിട്ട് നാലിന് തുറക്കും
8 മാസമായി അടഞ്ഞ് കിടക്കുന്ന ഫാക്ടറികള്‍ ഏത് വിധേനയും തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പ്പറേഷന്റെ തലപ്പത്ത് വലിയ അഴിച്ചുപണി നടത്തിയിരിക്കുന്നത്. സിപിഎമ്മിനുളളിലെ എതിര്‍പ്പുകളെ തന്നെ മറികടന്നാണ് എം ഡി സ്ഥാനത്ത് ടി എഫ് സേവ്യറിനെ മന്ത്രി മേഴ്സിക്കുട്ടിയമ്മ നിയോഗിച്ചത്. സര്‍ക്കാരിന്റെ അഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കുമെന്ന് പുതിയ എം ഡി മീഡിയാവണ്ണിനോട് പറഞ്ഞു. കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ ഓണത്തിന് 15 ദിവസം മുന്‍പെങ്കിലും തുറക്കും.
കോര്‍പ്പറേഷനെ തകര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എം ഡി മുന്നറിയിപ്പ് നല്കി. തൊഴിലാളികള്‍ക്കുളള മുഴുവന്‍ ആനുകൂല്യവും ഉടന്‍ പുനസ്ഥാപിക്കും. വര്‍ഷത്തില്‍ 300 ദിവസം തൊഴില്‍ നല്കുന്ന തരത്തിലായിരിക്കും കോര്‍പ്പറേഷന്റെ മുന്നോട്ട് പോക്കെന്നും അദ്ദേഹം പറഞ്ഞു
തോട്ടണ്ടി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ ഇന്ന് വെകിട്ട് നാലിന് തുറക്കും. കഴിഞ്ഞ 6 തവണയും ടെന്‍ഡര്‍ സ്വീകരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.