LiveTV

Live

Kerala

മുസ്ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിയാത്തതാണ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍

മുസ്ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിയാത്തതാണ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍
Summary
മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ വോട്ടു ഇടതുമുന്നണിക്ക് അനുകൂലമായത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമാണ്. ഈ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന നിലപാടുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

മുസ്ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിയുന്ന നടപടികള്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ വിലയിരുത്തല്‍. ബിജെപിയോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മൃദുസമീപനം പുലര്‍ത്തി. അറബിക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലെ നിലപാടും തിരിച്ചടിക്ക് കാരണമായതായി കെപിസിസി ന്യൂനപക്ഷ വിഭാഗം കരുതുന്നു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന കെ പി സി സി ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന കമ്മറ്റി യോഗത്തിലാണ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നത്. മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ വോട്ടു ഇടതുമുന്നണിക്ക് അനുകൂലമായത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമാണ്. ഈ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന നിലപാടുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

പശു വിവാദം ഉള്‍പ്പെടെ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമായിരുന്നു. ബിജെപി ക്കെതിരെ കെപിസിസി നേതൃത്വവും എ കെ ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ആക്രമണം നടത്തിയപ്പോഴും ഒരു വിഭാഗം മൃദുസമീപനമെടുത്തത് മുസ്‍ലിം ജനവിഭാഗത്തില്‍ അവിശ്വാസം ജനിപ്പിച്ചു. ഇത് പ്രചരണായുധമാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചത് അവര്‍ക്ക് നേട്ടമായി

അതേസമയം വി ഡി സതീശന്‍ ഉള്‍പ്പെടെ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചവര്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചു. അറബിക് യൂനിവേഴ്സിറ്റി വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ഭരണ നേതൃത്വം സ്വീകരിച്ച നിലപാട് സമുദായത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുസ്‌ലിം വിഭാഗത്തിന് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല. വിജയസാധ്യതയില്ലാത്ത സ്ഥലങ്ങളിലാണ് മുസ്‍ലിം നേതാക്കള്‍ക്ക് സീറ്റു നല്‍കിയത്. എം എം ഹസ്സന് പോലും രക്തസാക്ഷിയാകേണ്ടി വന്നു. ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷനുപോലും സീറ്റു നല്‍കിയില്ലെന്നും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.