LiveTV

Live

Kerala

ജോലിയില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍

ജോലിയില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍
Summary
240 എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്‌സിലെ മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്‌സിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ 240 എംപാനല്‍ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നിലവില്‍ ഈ വിഭാഗത്തില്‍ ജോലിയില്ലെന്ന് കാട്ടിയാണ് പിരിച്ചുവിടല്‍. വരും ദിവസങ്ങളില്‍ മറ്റ് വിഭാഗങ്ങളിലെയും താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

അസാധാരണ നടപടിയിലൂടെയാണ് സെന്‍ട്രല്‍ വര്‍ക്‌സില്‍ ബസ് ബോഡി നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന നാനൂറുപേരില്‍ 240 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഇന്ന് ജോലി കഴിയുന്നതോടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടി പാസും തിരികെയേല്‍പിക്കാനുമാണ് ഉത്തരവ്.

കൈവശമുള്ള മുഴുവന്‍ ഷാസികളിലും ബോഡി നിര്‍മാണം പൂര്‍ത്തിയായെന്നും മൂന്നാം തീയതി മുതല്‍ ജോലിയില്‍ നിലനിര്‍ത്താന്‍ സാധ്യമല്ലെന്നുമാണ് നോട്ടീസിലുള്ളത്. പത്തുവര്‍ഷം വരെ തൊഴില്‍ പരിചയമുള്ളവരും പിരിച്ചുവിട്ടവരില്‍ പെടും. 350 മുതല്‍ 400 രൂപ വരെ ദിവസക്കൂലി വാങ്ങുന്നവര്‍ ഒരുമുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടമായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ജീവനക്കാര്‍ മെക്കാനിക്കല്‍ എന്‍ജിനീയറെ ഘൊരാവോ ചെയ്തു.

ജോലി കുറഞ്ഞ സന്ദര്‍ഭങ്ങളിലും താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി മുതിര്‍ന്നിരുന്നില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ശമ്പളത്തിനും പെന്‍ഷനും വഴിയില്ലാതെ വന്നതോടെ കെഎസ്ആര്‍ടിസി കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. നടപടിക്കെതിരെ സമരത്തിനിറങ്ങുമെന്ന് എഐടിയുസി തൊഴിലാളി യൂണിയന്‍ അറിയിച്ചു.