LiveTV

Live

Kerala

ബാങ്ക് തട്ടിപ്പ്: വോട്ട് ബഹിഷ്കരിച്ച് കുടുംബങ്ങളുടെ പ്രതിഷേധം

Summary
ബാങ്ക് വായ്പാതട്ടിപ്പിനിരയായ 17 കുടുംബങ്ങള്‍ എറണാകുളത്ത് വോട്ട് ബഹിഷ്കരിച്ചു. സര്‍ഫാസി നിയമത്തില്‍ ബാങ്ക് ജപ്തിക്കിരയായവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്

ബാങ്ക് വായ്പാതട്ടിപ്പിനിരയായ 17 കുടുംബങ്ങള്‍ എറണാകുളത്ത് വോട്ട് ബഹിഷ്കരിച്ചു. സര്‍ഫാസി നിയമത്തില്‍ ബാങ്ക് ജപ്തിക്കിരയായവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. ഹൈക്കോടതി ജംഗ്ഷന്‍ സമീപം കുത്തിയിരുന്നായിരുന്നു പ്രതിഷേധ സമരം. വായ്പാ തട്ടിപ്പിനിരയായ ദരിദ്ര- ദളിത് കുടുബങ്ങളെ വ‍ഞ്ചിച്ച സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ പ്രതിഷേധം. വോട്ട് ബഹിഷ്കരണത്തിലൂടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെങ്കിലും ആര്‍ക്കാണ് തങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്ന് സമരക്കാര്‍ ചോദിക്കുന്നു. സര്‍ഫാസി നിയമം റദ്ദാക്കുമെന്നും ജപ്തി നടപടികള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കാതെയാണ് 5 വര്‍ഷം പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. സമരക്കാരുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ല. ഇതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുഴുവന്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസുകളും പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുക, വിദ്യാഭ്യാസ വായ്പകളും കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.