LiveTV

Live

Kerala

കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതിഷേധ കൂട്ടായ്മ

Summary
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും പങ്കെടുത്തു.

കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിലക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പീപ്പിള്‍സ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പ്രമുഖ അഭിഭാഷകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. നീതിപീഠങ്ങളില്‍ വെളിച്ചം പകരാന്‍ പ്രതിഷേധാഗ്നിയും കൂട്ടായ്മയുടെ ഭാഗമായി തെളിയിച്ചു.

ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയും മാധ്യമങ്ങളുടെ അറിയിക്കുവാനുള്ള അവകാശത്തെയും വിലക്കിയതിനെതിരെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രശ്നം പരിഹരിക്കേണ്ടവര്‍ പോലും മൌനം പാലിക്കുന്നത് ശരിയല്ലെന്ന് കൂട്ടായ്മ വിലയിരുത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ അടിയന്തരവസ്ഥയേക്കാള്‍ വലിയ ദുരന്തഫലം ഉണ്ടാകുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിഭാഷകന്‍ സിപി ഉദയഭാനു പറഞ്ഞു.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോളും ആരോപിച്ചു.

നിലവിലെ സാഹചര്യത്തില്‍ നീതിപീഠങ്ങളില്‍ വെളിച്ചം പകരാന്‍ കൂട്ടായ്മ പ്രതിഷേധാഗ്നി തെളിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രമുഖ അഭിഭാഷകര്‍ക്കും പുറമേ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.