LiveTV

Live

Kerala Floods

പ്രളയ ദുരിതത്തില്‍ നിന്നും കേരളം കരകയറുന്നു

മഴക്ക് ശമനമായതോടെ പലമേഖലകളിലും രക്ഷപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവരും സന്നദ്ധ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുക.

പ്രളയ ദുരിതത്തില്‍ നിന്നും കേരളം കരകയറുന്നു

പ്രളയത്തില്‍ നിന്നും കേരളം കരകയറുന്നു. മഴക്ക് ശമനമായതോടെ പലമേഖലകളിലും രക്ഷപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവരും സന്നദ്ധ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുക.

കുട്ടനാട്ടില്‍ നിന്നും രണ്ടുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇനി ദുരിതാശ്വാസ ക്യാംപുകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ എടത്വാ, ചക്കുളത്ത്കാവ് ഭാഗങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ തയ്യാറാകാതെ നില്‍ക്കുകയാണ്.

എറണാകുളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം ജില്ലയില്‍ അവസാനിപ്പിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ജില്ലയില്‍ ഇന്ന് പ്രധാന്യം നല്‍കുകയെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ചാലക്കുടി- മാള ഭാഗങ്ങളില്‍ വെള്ളക്കെട്ടിന് കുറവുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ കഴിയുകയാണ്. ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും കാല്‍ നടയായി എത്തിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗികളെയും മറ്റും ഹെലികോപ്ടര്‍ മാര്‍ഗം പുറത്തെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന രോഗികള്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കിയിട്ടുണ്ട്. രണ്ട് ഗര്‍ഭിണികളെയും ഒരു ഹൃദ്‍രോഗിയെയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് ഹെലികോപ്ടര്‍ മാര്‍ഗം ശ്രമിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പരാജയപ്പെട്ടു.

പത്തനംതിട്ടയില്‍ ഇനി മുന്‍തൂക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്; വീടുകള്‍ ശുചിയാക്കാന്‍ വളണ്ടിയര്‍ സംഘം

പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കും. ഇനിയുള്ള ദിനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. ക്യാമ്പുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വളരെ ചുരുക്കം ആളുകളെ മാത്രമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ അവശേഷിക്കുന്നതെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് പ്രളയബാധിത സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള ഭക്ഷണ വിതരണത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഫുഡ് ഹബ്ബുകളില്‍ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇനം തിരിച്ച് ആവശ്യാനുസരണം ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍‌ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഇതിന് പുറമെ കേന്ദ്രീകൃതമായ തീരുമാനങ്ങളെടുക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ആരോഗ്യ പരിപാലനത്തിന് 170 ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തിനെ സജ്ജമാക്കിയിട്ടുണ്ട്. ചെളിയും മണ്ണും അടിഞ്ഞ വീടുകള്‍ ശുചിയാക്കുന്നതിന് 1000 പേര്‍ അടങ്ങുന്ന വളണ്ടിയര്‍ സംഘം സജ്ജമാണ്. 5 അംഗ ടീമുകളായി തിരിഞ്ഞാകും ഇവരുടെ പ്രവര്‍ത്തനം

അതിജീവനത്തിന്റെ പാതയില്‍ എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം പൂർണ്ണമായി. കുത്തിയത്തോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നായി ഇന്നലെ മാത്രം 7500 പേരെയാണ് ബോട്ട് മാർഗം രക്ഷപ്പെടുത്തിയത്. വിശാലകൊച്ചി മേഖലയിലേക്ക് ആലുവയില്‍ നിന്നുള്ള ജലവിതരണം പുനഃസ്ഥാപിച്ചു.

അതിജീവനത്തിന്റെ പാതയിലാണ് എറണാകുളം ജില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്രമീകരിച്ച പത്തടിപ്പാലത്തെ കൺട്രോൾ റൂമിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. തുടർ പ്രവർത്തനങ്ങൾ കലക്‌ട്രേറ്റ് കേന്ദ്രീകരിച്ച് നടത്തും.

പൂവത്തുശേരി, കുത്തിയതോട്, കുന്നുകരയുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 7500 പേരെയാണ് ഇന്നലെ ബോട്ട് മാർഗം രക്ഷപെടുത്തിയത്. ഹെലികോപ്ടറിലുള്ള രക്ഷാപ്രവർത്തനം ഉണ്ടായിരുന്നില്ല. അഞ്ചു ദിവസങ്ങളിലായി നടന്ന രക്ഷാപ്രവർത്തനത്തിൽ 31367 പേരെ ബോട്ട് മാർഗം രക്ഷപെടുത്തി. ക്യാമ്പുകളിൽ ഭക്ഷണ വിതരണം സന്നദ്ധസംഘടനകളുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

അതേസമയം വിശാലകൊച്ചി മേഖലയിലേക്ക് ആലുവയില്‍ നിന്നുള്ള ജലവിതരണം പുനഃസ്ഥാപിച്ചു. മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ്, നേവല്‍ ഷിപ് യാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ആലുവ പ്ലാന്‍റിലെ ട്രാന്‍സ്ഫോമര്‍ തകരാര്‍ വാട്ടര്‍ അതോറിറ്റി പരിഹരിച്ചത്. ഇന്നലെ വൈകിട്ടോടെ പമ്പിംഗ് പുനരാരംഭിച്ചു. കളമശ്ശേരി, തൃക്കാക്കര, ഏലൂര്‍ നഗരസഭകള്‍, കൊച്ചി കോര്‍പ്പറേഷന്‍, ചേരാനല്ലൂര്‍, മുളവുകാട്, കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം വൈകാതെ സാധാരണനിലയിലാകും.

അതേസമയം വീടുകൾ വൃത്തിയാക്കാനെത്തിയ 50 പേരെ പാമ്പുകടിയേറ്റത്തിനെ തുടർന്ന് ഇന്നലെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മുതൽ പുനരധിവാസ പ്രവർത്തനങ്ങൾക്കാകും ജില്ലയിൽ കൂടുതൽ പ്രാധാന്യം നൽകുക.

പ്രളയത്തിൽ നിന്നും പതുക്കെ തിരിച്ചുകയറി പാലക്കാടും

പാലക്കാട് ജില്ല പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്നു. വെള്ളം ഇറങ്ങിയതോടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് സന്നദ്ധ സംഘടന പ്രവർത്തകരും വീട്ടുകാരും.

പാലക്കാട് നഗരം ഉൾപ്പടെ വെള്ളത്തിനടിയിലായ പ്രളയത്തിൽ നിന്നും പതുക്കെ പാലക്കാട് തിരിച്ചു വരുകയാണ്. വെള്ളം ഇറങ്ങിയതോടെ വീടുകൾ ശുചീകരിക്കുകയാണിവർ. ഇവർക്ക് സഹായവുമായി നിരവധി സന്നദ്ധ സംഘടന പ്രർത്തകരും എത്തുന്നുണ്ട്.

പാലക്കാട് സുന്ദരം കോളനിയിൽ ഒരു തവണ വൃത്തിയാക്കിയ വീടുകയിൽ വീണ്ടും വെള്ളം കയറിയിരുന്നു. ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തിയതോടെ പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. തൃത്താല ഉൾപ്പെടെ ഉളള ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ ഉരുൾ പെട്ടലിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഭാരതപ്പുഴയുടെ തീരത്തുള്ളവരും വീടുകളിലേക്ക്

ഭാരതപ്പുഴയില്‍ പ്രളയമുണ്ടായതോടെ വീടുവിട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും മടങ്ങി തുടങ്ങി.വീടുകള്‍ക്കുള്ളില്‍ നിറഞ്ഞ ചളി നീക്കം ചെയ്യുന്നത് സന്നദ്ധ സംഘടനകളാണ്. കുടിവെള്ളവും സന്നദ്ധ സംഘടനകളാണ് എത്തിച്ചു നല്‍കുന്നത്.

ഭാരതപ്പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ മുങ്ങിപ്പോയ പൊന്നാനി, പുറത്തൂര്‍ പ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി പിന്‍വാങ്ങി. പൊന്നാനി കരിമ്പ പ്രദേശത്ത് ചെളി നിറഞ്ഞ വീടുകള്‍ വൃത്തിയാക്കുന്നത് സന്നദ്ധ പ്രവര്‍ത്തകരാണ്. മണിക്കൂറുകള്‍ അധ്വാനിച്ചിട്ടും വീടിനകത്തെ ചെളി ഒഴിവാക്കാന്‍ കഴിയുന്നില്ല.

പുറത്തൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നത്തോടെ അവസാനിക്കും. വീടുകളില്‍ തിരിച്ചെത്തിയവര്‍ക്ക് ശുദ്ധജലവും ഭക്ഷണവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മലപ്പുറം കലക്‍ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം മുപ്പത്തിമൂവായിരത്തില്‍ നിന്നും മുപ്പതിനായിരമായി കുറഞ്ഞിട്ടുണ്ട്.

വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഭയന്ന് ചാലിയം അല്‍ മനാര്‍ എല്‍ പി സ്കൂളിലെ ക്യാമ്പ് അംഗങ്ങള്‍

കോഴിക്കോട് ചാലിയം അല്‍ മനാര്‍ എല്‍ പി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മാറാന്‍ ഇനിയും സമയമെടുക്കും. വെള്ളം കയറിയ വീടുകളില്‍ ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കെയെങ്കിലും വീടിന്‍റെ ശോച്യാവസ്ഥയാണ് തടസ്സമാകുന്നത്

ചാലിയാര്‍ പുഴയാലും കടലുണ്ടി പുഴയാലും ചുറ്റപ്പെട്ടു കിടക്കുകയാണ് പട്ടര്‍മാട് അഥവാ മാട്ടുമ്മല്‍ തുരുത്ത്. കയറിയ വെള്ളം ഒഴിഞ്ഞുപോയെങ്കിലും വീടുകള്‍ ഉപയോഗ ശൂന്യമായി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. ഇവിടേക്കുള്ള വൈദ്യുതി ബന്ധം ഉടനടി പുനഃസ്ഥാപിക്കാന്‍ തീരുമാനമായി.

എന്നാല്‍ വീടുകളുടെ അറ്റകുറ്റപണികള്‍ നടത്തിയതിന് ശേഷം മാത്രം ഇവരെ തുരുത്തുകളിലേക്ക് അയച്ചാല്‍ മതിയെന്നാണ് തീരുമാനം. ബുധനാഴ്ച വൈകീട്ടാണ് തുരുത്തിനെ പൂര്‍ണ്ണമായും മൂടിക്കൊണ്ട് വെള്ളം ഇരച്ച് കയറിയത്. ആ ഓര്‍മ്മ ഇവരുടെ മനസ്സില്‍ ഇപ്പോഴും ഭീതിയാണ്. അതിനാല്‍ തന്നെ ക്യാമ്പില്‍ കഴിയുന്നവര്‍ക്കും വീടുകളിലേക്ക് പോകാന്‍ ഭയമാണ്.

9 കുടുംബങ്ങളാണ് ഇവിടെയുള്ളത്. പരമ്പരാഗത മത്സ്യതൊഴിലാളികളായ ഇവരുടെ വലകളും ബോട്ടും നശിച്ചിട്ടുണ്ട്. സംരക്ഷണഭിത്തിയില്ലാത്തതും കുടിവെള്ളം കിട്ടാത്തതുമെല്ലാം ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു.