Top

എട്ടുനിലയിൽ പൊട്ടി; ബ്ലാസ്റ്റേഴ്‌സിൽ ഇനിയെന്ത്?

യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റത് എവിടെയാണ്?

MediaOne Logo

  • Updated:

    2021-02-27 09:01:19.0

Published:

27 Feb 2021 9:01 AM GMT

എട്ടുനിലയിൽ പൊട്ടി; ബ്ലാസ്റ്റേഴ്‌സിൽ ഇനിയെന്ത്?
X

ആരാധകരുടെ ആകാശത്തോളമുയർന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസൺ പൂർത്തിയാക്കി. 11 ടീമുകളുള്ള ലീഗിൽ പത്താമതാണ് ടീം. 20 കളിൽ നിന്ന് 17 പോയിന്റുമാത്രം. മൂന്നു കളി മാത്രം വിജയിച്ച ടീം ഒമ്പത് മത്സരങ്ങളിൽ തോറ്റു. എട്ടു കളി സമനിലയായി. ഇങ്ങനെയാണ് ടീമിന്റെ സ്ഥിതിവിവരക്കണക്ക്

അതിനിടെ, ഏറെ പ്രതീക്ഷയോടെ എത്തിയ ഹെഡ് കോച്ച് കിബു വികുന രാജിവച്ചു. കൊട്ടിഗ്‌ഘോഷിക്കപ്പെട്ട് കൊണ്ടു വന്ന വിദേശതാരങ്ങളും ഇന്ത്യൻ നിരയും അമ്പേ പരാജയപ്പെട്ടു. യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റത് എവിടെയാണ്?

വിള്ളൽ വീണ പ്രതിരോധം

ജോർഡാൻ മുറെ, ഗാരി ഹൂപ്പർ എന്നിവർ അടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ മുന്നേറ്റ നിര എതിർവലയിൽ നിക്ഷേപിച്ചത് 23 ഗോളുകളാണ്. എന്നാൽ പ്രതിരോധം വഴങ്ങിയത് 36 ഗോളുകൾ. ലീഗിൽ അവസാന സ്ഥാനത്തുള്ള ഒഡിഷ മാത്രമാണ് ഇതിലും കൂടുതൽ ഗോൾ വഴങ്ങിയത്; 39 എണ്ണം.

പല കളികളിലും ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത് എന്നതാണ് എടുത്തു പറയേണ്ടത്. ഒരു ഗോൾ നേടിയാൽ പ്രതിരോധത്തിൽ ശ്രദ്ധിച്ച് കളി ജയിക്കാൻ കഴിവുള്ള എ.ടി.കെ മോഹൻബഗാനെ പോലെ ഒരു ടീം ലീഗിൽ ഉള്ളപ്പോഴാണ് രണ്ടു ഗോൾ വരെ സ്‌കോർ ചെയ്ത ശേഷം ബ്ലാസ്‌റ്റേഴ്‌സ് ചില കളികളിൽ അടിയറവു പറഞ്ഞത്.

കോസ്റ്റ നൊമയ്‌നേസു

വിദേശതാരങ്ങളായ കോസ്റ്റ നൊമയ്‌നേസു, ബെകാരി കോന, ഇന്ത്യൻ താരങ്ങളായ നിഷു കുമാർ, സന്ദീപ് സിങ്, ജസ്സൽകാർണെയ്‌റോ, ലാൽറുവാത്താര, ധനചന്ദ്ര എന്നിവരായിരുന്നു പ്രതിരോധ നിരയിലെ പ്രധാന താരങ്ങൾ. ഒരു മത്സരത്തിൽ മലയാളി താരം അബ്ദുൽ ഹക്കുവും ആദ്യ ഇലവനിലെത്തി. മോഹൻബഗാനെതിരെയുള്ള ആദ്യ കളിയിൽ ഒരു ഗോളിന് തോറ്റെങ്കിലും പ്രതിരോധത്തിൽ മികച്ച കളിയാണ് കോസ്റ്റയും കോനെയും പുറത്തെടുത്തത്. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയാകുമെന്ന് തോന്നിച്ചുവെങ്കിലും അടുത്ത കളികളിലെല്ലാം താരങ്ങൾ നിരാശപ്പെടുത്തി.

എതിർ കളിക്കാരുടെ മികവിനേക്കാൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ വന്ന വ്യക്തിഗത പിഴവുകളാണ് പലകുറി ഗോളായി മാറിയത്. ഗോൾകീപ്പർ ആൽബിനോ ഗോമസും പ്രതിരോധ നിരയും തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നില്ല. ഇതിനിടെ പരിക്കേറ്റ കോനെയ്ക്ക് പകരം ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്‌സൺ സിങ്ങിനെ സെൻട്രൽ ബാക്ക് റോളിലും കോച്ച് കിബു നിയോഗിച്ചു. എതിർ ആക്രമണങ്ങളുടെ മുനയൊടിക്കാൻ മിടുക്കനായ ജീക്‌സണൺ സെന്റർ ബാക്ക് എന്ന നിലയിൽ പരാജയമായിരുന്നു. ഡിഫൻഡർ എന്ന നിലയിൽ ഓരോ കളിയിലും സന്ദീപ് സിങ് മെച്ചപ്പെട്ടു വന്നെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

ജീക്‌സൺ സിങ്

അടുത്ത സീസണിൽ ഈ കളിക്കാരെ പ്രതിരോധത്തിൽ വച്ച് ബ്ലാസ്‌റ്റേഴ്‌സിന് മുമ്പോട്ടു പോകാനാകില്ല. പ്രതിരോധത്തിലേക്ക് കളിയിൽ സജീവമായി നിൽക്കുന്ന മികച്ച താരങ്ങളെയാണ് എത്തിക്കേണ്ടത്. വിദേശതാരങ്ങളെല്ലാം മികച്ച അന്താരാഷ്ട്ര റെക്കോർഡുള്ളവരാണ് എങ്കിലും അവർ ലീഗിന് മുമ്പ് വർഷങ്ങളോളം കളത്തിൽ സജീവമല്ലായിരുന്നു.

മറെ-ഹൂപ്പർ സഖ്യം

മുന്നേറ്റ നിരയിൽ ഗാരി ഹൂപ്പർ-ജോർഡാൻ മറെ സഖ്യത്തിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷകൾ മുഴുവനും. ആദ്യ കളികളിലെ ഫോമില്ലായ്മയ്ക്കു ശേഷം രണ്ടു പേരും താളം കണ്ടെത്തിയത് ആരാധകർക്ക് ആവേശം പകർന്നു. എന്നാൽ അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു.

ജോർദാൻ മറെ

ആദ്യ കളികളിൽ തീരെ ഫോമിലല്ലായിരുന്നു ഗാരി ഹൂപ്പർ. ക്ലിനിക്കൽ ഫിനിഷറായ ഹൂപ്പർ സെക്കൻഡ് സ്‌ട്രൈക്കറായി വന്ന ശേഷമാണ് കളം നിറഞ്ഞത്. ഹൂപ്പറെ പിന്നിലും മറെയെ മുന്നിലും നിർത്തിയുള്ള കിബുവിന്റെ തന്ത്രം വിജയകരമായി. ഗോൾ വരികയും ചെയ്തു. കാലിൽ പന്തു കിട്ടുമ്പോഴൊക്കെ എതിർപ്രതിരോധത്തെ കീറിമുറിക്കുന്ന പാസുകൾ പലകുറി നൽകാൻ ഹൂപ്പറിനായി. പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുന്നതിന് പകരം സഹകളിക്കാർക്ക് അവസരം ഒരുക്കുക്കൊടുക്കാനാണ് ഹൂപ്പർ ശ്രദ്ധിച്ചത്.

ഗാരി ഹൂപ്പർ

എന്നാൽ ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സൈനിങ്ങാണ് ജോർഡാൻ മറെ എന്ന ഓസീസ് താരം. 19 കളികളിൽ നിന്ന് ഏഴു ഗോളും ഒരു അസിസ്റ്റുമാണ് മുറെയുടെ സമ്പാദ്യം. ഗോളിലേക്ക് 51 തവണ ഷോട്ടുതിർക്കാനും മുറയ്ക്കായി. മികച്ച പന്തടക്കം, ഹൈ ബോളുകളിൽ മികച്ച ടെക്‌നിക് എന്നിവയാണ് മുറെയെ കളത്തിൽ മികച്ചതാക്കുന്നത്.

ശൂന്യമായ ക്രിയേറ്റീവ് മിഡ്ഫീൽഡ്

കളി നിയന്ത്രിക്കുന്ന മിഡ്ഫീൽഡ് ജനറൽ ഇല്ലാതെ പോയതാണ് ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് അനുഭവിച്ച ഏറ്റവും വലിയ പോരായ്മ. ഡിഫൻസിനെയും മുന്നേറ്റത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് മിഡ്ഫീൽഡ്. പന്ത് ഹോൾഡ് ചെയ്ത്, എതിർപ്രതിരോധത്തെ കീറിമുറിച്ച് സ്‌ട്രൈക്കാർമാർക്ക് പാസുകൾ നൽകുന്ന ഒരാളാണ് സെൻട്രൽ മിഡ്ഫീൽഡിൽ വേണ്ടിയിരുന്നത്. സിഡോഞ്ച അത്തരത്തിൽ ഒരാളായിരുന്നു.

എന്നാൽ അദ്ദേഹം പരിക്കേറ്റ് പോയ ശേഷം പകരമെത്തിയത് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്നു. യുവാൻഡെ ലോപസ്. ഇതിനിടെ മിഡ്ഫീൽഡിലെ കുറവ് നികത്തിയ അർജന്റീനൻ താരം ഫക്കുണ്ടോ പെരേര പരിക്കേറ്റു പുറത്തുപോയതും തിരിച്ചടിയായി. യുവാൻഡക്കും വിസന്റെ ഗോമസിനും ക്രിയേറ്റീവ് മിഡ്ഫീൽഡിൽ വിജയിക്കാനായില്ല.

സെർജിയോ സിഡോഞ്ച

സെൻട്രൽ മിഡ്ഫീൽഡ് വിട്ട് ഇരുവശങ്ങളിലും കളിച്ച മലയാളി താരം സഹൽ അബ്ദുൽ സമദ് ഒരു കളിക്കാരൻ എന്ന നിലയിൽ ഏറെ മെച്ചപ്പെട്ടു. എന്നാൽ പെനാൽറ്റി ബോക്‌സിൽ താരം കളി മറന്നു. ഫൈനൽ തേഡിൽ സഹൽ ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് ഈ സീസണും തെളിയിച്ചു. 14 കളികളിൽ മൂന്ന് അസിസ്റ്റാണ് സഹലിന്റെ സമ്പാദ്യം. ചില കളികളിൽ ബോക്‌സിന് മുമ്പിൽ നിന്ന് സഹൽ പന്ത് നഷ്ടപ്പെടുത്തുന്ന കാഴ്ച അവിശ്വസനീയമായിരുന്നു. എന്നാൽ മികച്ച പന്തടക്കവും ഡ്രിബിളിങ് ശേഷിയും ഇന്റർസെപ്ഷനും സ്റ്റാമിനയും താരത്തെ വേറിട്ടു നിർത്തുന്നു.

സഹൽ അബ്ദുൽ സമദ്‌

സഹലിന് പുറമേ, ടീം ജഴ്‌സിയിൽ തിളങ്ങിയ രാഹുൽ കെപി ബംഗളൂരു എഫ്‌സിക്കെതിരെ നേടിയ ഗോളുകൾ ആരാധക ഹൃദയം കീഴടക്കി. മൂന്നു ഗോളാണ് രാഹുൽ നേടിയത്. ഇതിൽ രണ്ടും കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു. അതിവേഗം കൊണ്ട് എതിരാളികളെ കീഴ്‌പ്പെടുത്തുന്നതിൽ മിടുക്കനായ രാഹുലിന് പക്ഷേ, ചുരുക്കം കളികളിൽ മാത്രമാണ് വിജയിക്കാനായത്. ഗാരി ഹൂപ്പറിനെയും രാഹുലിനെയും ഒപ്പം നിർത്തിയുള്ള കൗണ്ടർ ആക്രമണങ്ങൾക്ക് ബ്ലാസ്‌റ്റേഴ്‌സ് കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരുന്നു. കൗണ്ടർ അറ്റാക്കുകൾ ഗോൾ നേടാനുള്ള മികച്ച തന്ത്രമായി കോച്ചുമാർ ഉപയോഗിക്കുന്ന ഇക്കാലത്ത് വിശേഷിച്ചും.

പ്രശാന്ത്‌

വിങ്ങുകളിൽ ഇറങ്ങിയ മലയാളി താരം പ്രശാന്തും നിരാശപ്പെടുത്തി. വേഗമുണ്ടെങ്കിലും പന്തടക്കത്തിലും ക്രിയേറ്റീവ് ക്രോസുകൾ നൽകുന്നതിലും പ്രശാന്ത് ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ചില കളികളിൽ മാത്രം അവസരം കിട്ടിയ രോഹിത് കുമാറിനും റിതിക് ദാസിനും സെയ്ത്യാസെൻ സിങ്ങിനും അവസരം മുതലാക്കാനായില്ല.

TAGS :
Next Story