'ശ്രീ എമ്മിനെ ആര്.എസ്.എസ് സഹയാത്രികനെന്ന് ബല്‍റാം വിളിച്ചത് വേദന ഉളവാക്കുന്നു' പിജെ കുര്യന്
ശ്രീ എമ്മിനെ ആള് ദൈവമെന്നും ആര്.എസ്.എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ച ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പി.ജെ കുര്യന്റെ പ്രതികരണം.

ശ്രീ എമ്മിനെതിരെ വിടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. ശ്രീ എമ്മിനെ ആള് ദൈവമെന്നും ആര്.എസ്.എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ച ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പി.ജെ കുര്യന്റെ പ്രതികരണം.
ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നില്ലെന്നും പറഞ്ഞ പി.ജെ കുര്യന് ശ്രീ എമ്മിനെ ആള് ദൈവമെന്നും ആര്.എസ്.എസ് സഹയാത്രികനെന്നും ബല്‍റാം വിശേഷിപ്പിച്ചത് വേദന ഉണ്ടാക്കുന്നുവെന്നും പറഞ്ഞു.
അദ്ദേഹം ആള് ദൈവവും ആര്.എസ്.എസുമല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്.എസ്.എസ് ആകുമോ ? ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള് ദൈവം ആകുമോ? പിജെ കുര്യന് ചോദിച്ചു.
പിജെ കുര്യന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ശ്രീ.എം –നെ ക്കുറിച്ച്______________________
സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്ശിക്കുവാന് ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള് ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്. എനിക്ക് ശ്രീ.എം –മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില് ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള് ദൈവവുമല്ല RSS ഉംഅല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള് ദൈവം ആകുമോ?. ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.
വിടി ബല്‍റാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെൻ്റിന് എന്തധികാരമാണുള്ളത്! പത്തു വർഷത്തേക്കെന്ന പേരിൽ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാൽപ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാൽ മതി എന്നതാണല്ലോ കേരളത്തിൻ്റെ അനുഭവം.
ആരെങ്കിലും യോഗ സെൻ്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമി? തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സർക്കാർ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാർട്ട്മെൻ്റോ മറ്റോ വഴി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ?
ഹൗസിംഗ് ബോർഡിൻ്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയൻ്റെ സ്വന്തക്കാർക്ക് നൽകാൻ? കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റ് വച്ചുനൽകലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകൾ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേർക്കെങ്കിലും ഫ്ലാറ്റ് നിർമ്മിച്ചു നൽകാൻ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്.
പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനമാണ് പിണറായി വിജയൻ്റെ ഇരട്ട ലക്ഷ്യം.
ഇതെന്തൊരു നെറികെട്ട സർക്കാരാണ് !
Adjust Story Font
16