LiveTV

Live

interviews

ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി

വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ആന്‍ മരിയ കലിപ്പിലാണ്, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, വികൃതി, അഞ്ചാം പാതിര തുടങ്ങിയ മലയാള സിനിമകളിലെ ബംഗാളി മുഖം സന്തോഷ് ലക്ഷ്മണ്‍ സംസാരിക്കുന്നു.

ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി
കേരളത്തില്‍ മലയാളികളേക്കാള്‍ ബംഗാളികളായിത്തുടങ്ങി എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ഥ്യം മലയാള സിനിമയും അംഗീകരിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് മലയാള സിനിമയിലെ ബംഗാളി സാന്നിധ്യം.. വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ആന്‍ മരിയ കലിപ്പിലാണ്, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, വികൃതി, അഞ്ചാം പാതിര തുടങ്ങിയ മലയാള സിനിമകളിലൊക്കെയുണ്ട് ആ ബംഗാളി മുഖം. ആ ബംഗാളി മുഖത്തിന് പിന്നിലെ മേല്‍വിലാസം തേടി കേരളത്തിന് പുറത്തേക്കൊന്നും നമ്മള്‍ പോകേണ്ട... ഇവിടെ എറണാകുളത്തുണ്ട് ആ മുഖം- സന്തോഷ് ലക്ഷ്മണ്‍. സിനിമയ്ക്കു വേണ്ടി കഥകളെഴുതിയ, കഥ പറയാന്‍ സംവിധായകനെ തേടി നടന്ന ഒരു യുവാവ്, ഇന്ന് ഒരു നടനും സംവിധായകനുമാണ്.... ഈ മാസം പുറത്തിറങ്ങിയ ലുട്ടാപ്പി എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനവും കാരക്ടര്‍ റോളും നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ലക്ഷ്മണ്‍ ആണ്. കര്‍മയോദ്ധ, ഹാപ്പി ജേര്‍ണി, ഒരു വടക്കന്‍ സെല്‍ഫി, പിക്കറ്റ് 43, ആദി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച പരിചയവും സന്തോഷിനുണ്ട്. സന്തോഷ് സംസാരിക്കുന്നു...
ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി

പത്തുദിവസം പിന്നിട്ടിരിക്കുന്നു ''ലുട്ടാപ്പി' പുറത്തിറങ്ങിയിട്ട്.. ഈ കൊച്ചു സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തല്ലോ? കൂടെ ലുട്ടാപ്പി പോലെയുള്ള ഭടനായി വന്ന സന്തോഷിനേയും..

അതേ, നല്ല പ്രതികരണമാണ് ലുട്ടാപ്പിക്ക് ലഭിക്കുന്നത്.. സന്തോഷമുണ്ട് അതില്‍. സിനിമയുടെ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ആലോചിച്ചത്, ആര് കണ്ടാലും കളിയാക്കുന്ന ശരീരപ്രകൃതമുള്ള ഒരാള്‍, ഒരു ഭടന്‍- അയാളായിരിക്കണം അതിലെ നായകനെന്നാണ്. ഇയാള്‍ മറ്റുള്ളവരില്‍ നിന്ന് മെലിഞ്ഞിരിക്കണം. ശരീരം കൊണ്ടും ഡ്രസ്സിംഗ് കൊണ്ടും അയാള്‍ കളിയാക്കപ്പെടണം, സിനിമയില്‍ പറയുന്ന പോലെ, മുരിങ്ങാക്കോലിന് പെറ്റിക്കോട്ടിട്ടപോലെ ഒരു രൂപം. മറ്റൊന്ന് നായകന് ബ്രൂസ്‍ലിയുടെ ശരീരഘടനയും ഉണ്ടായിരിക്കണം. കഥയൊക്കെ പറഞ്ഞതോടെ, ആ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ തയ്യാറായി എനിക്ക് ഒരു പ്രൊഡ്യൂസറേയും കിട്ടി. ആദ്യത്തെ ഷോര്‍ട്ട് ഫിലിം ഒറ്റമൂലി, ഒരു ഒറ്റമുറിയില്‍ ചെയ്തതായിരുന്നു. അടുത്തത് അങ്ങനെയാവരുത് എന്ന ആഗ്രഹവും ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നു. വ്യത്യസ്ത ലൊക്കേഷനുകളിലൂടെയാണ് ലുട്ടാപ്പിയുടെ കഥ മുന്നോട്ടുപോകുന്നത്.

ഞാനത് എനിക്ക് വേണ്ടി എഴുതിയ കഥയൊന്നുമല്ല. ആദ്യം ആ വേഷം ചെയ്യാമെന്ന് ഏറ്റിരുന്നത് ഹരികൃഷ്ണനാണ്, ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ലോലന്‍. പക്ഷേ, അപ്പോഴാണ് അഞ്ചാംപാതിരയിലെ പൊലീസ് ഓഫീസറായുള്ള ഹരികൃഷ്ണന്റെ മെയ്ക്ക്ഓവര്‍ ഫോട്ടോ വൈറലാകുന്നത്. അതോടെ ഹരിക്ക് തിരക്കായി.. പിന്നെ, ഡയറക്ടര്‍ അല്‍ത്താഫിനെ പോയി കണ്ടു. ചില കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ല. പിന്നെ മ്യൂസിക് ഡയറക്ടര്‍ സൂരജ് എസ് കുറുപ്പ്- അതും നടന്നില്ല. അതിന് ശേഷം ജിത്തു ജോസഫ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ അമരേഷ്- അതും നടന്നില്ല.

ഒരു ദിവസം ജിത്തു ജോസഫ് സാറിന്റെ അടുത്ത് ഈ സിനിമയുടെ കഥ പറയാന്‍ പോയി. തിരിച്ചിറങ്ങുമ്പോള്‍, വെറുതെ എന്നപോലെ സാറിനോട് പറഞ്ഞതാണ്, ആരെയും കിട്ടിയില്ലെങ്കില്‍ ഞാന്‍ കേറി അഭിനയിക്കുമെന്ന്. എനിക്ക് ഓള്‍റെഡി ഒരു മെലിഞ്ഞ ശരീരമുണ്ട്, പിന്നെ സിക്സ്പാക്ക് അല്ലെങ്കിലും, ദാരിദ്ര്യം തോന്നിക്കുന്ന ഒട്ടിയ വയറുമുണ്ട്.. സന്തോഷിന് ചെയ്യാന്‍ കഴിയും, സന്തോഷിന് ഒരു ധനുഷിന്റെ ഛായയൊക്കെയുണ്ടെന്ന് പറഞ്ഞ് സാറ് ഭീകരമായി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ആ വേഷത്തിന് ഇനി ആളെ അന്വേഷിക്കുന്നില്ലെന്ന് തീരുമാനിക്കുന്നത്.

അതിന് ശേഷം ഒരു ജിമ്മില്‍ പോയി, എനിക്ക് ഒരാഴ്ച കൊണ്ട് ഒരു സിക്സ്പാക്ക് ഉണ്ടാക്കിതരാന്‍ പറ്റോ എന്നായിരുന്നു എന്റെ ചോദ്യം. അതുകേട്ട് അവര്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി എന്നതാണ് സത്യം. അവരെനിക്ക് എന്ത് കഴിക്കണം, എന്ത് കഴിക്കണ്ട എന്ന ലിസ്റ്റാണ് ആദ്യം തന്നത്. ബാക്കി ഹാര്‍ഡ് വര്‍ക്കും. എന്തായാലും രണ്ടാഴ്ചകൊണ്ട് ഞാന്‍ ആഗ്രഹിച്ച ഒരു കോലത്തിലേക്ക് എത്താന്‍ എനിക്ക് പറ്റി. പിന്നെ സിനിമയുടെ അവസാനമുള്ള ഫൈറ്റ് ആര് കണ്ടാലും സര്‍പ്രൈസ് ആകണമെങ്കില്‍ ആ കഥാപാത്രം അങ്ങനെയായാലേ മതിയാവൂ..

ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി

ചെയ്ത രണ്ട് ഷോര്‍ട്ട് ഫിലിമും, ഒറ്റമൂലി ആയാലും ലുട്ടാപ്പി ആയാലും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ സീരിയസ് ആണ്.. പക്ഷേ ചെയ്തിരിക്കുന്നത് കോമഡി ട്രാക്കിലാണ്.. മനഃപ്പൂര്‍വമാണോ ഇങ്ങനെയൊരു ട്രാക്ക് സ്വീകരിച്ചത്

ഒരുപാട് വിദേശ സിനിമകളൊന്നും കണ്ടു വളര്‍ന്ന ആളല്ല ഞാന്‍. പക്ഷേ, നമ്മുടെ നാട്ടിലെ സിനിമകള്‍ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. തമിഴിലെ എ ആര്‍ മുരുഗദാസിന്റെ സിനിമകളാണ് എന്നെ കൂടുതല്‍ സ്വാധീനിച്ചത്. ഒരു മാസ് മസാല കൊമേഴ്‍സ്യല്‍ പടമാണെങ്കിലും എന്തെങ്കിലും ഒരു സോഷ്യല്‍ കമ്മിറ്റ്മെന്റ് അദ്ദേഹത്തിന്റെ പടത്തിലുണ്ടായിരിക്കും. നമ്മുടെ ചുറ്റും നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ സങ്കടവും വിഷമവും തോന്നും. കാരണം നമ്മള്‍ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിമായിരുന്നല്ലോ. അല്ലാതെ ഞാന്‍ ഈ മെലിഞ്ഞ ശരീരം വെച്ച് എന്ത് ചെയ്യാനാണ്. എനിക്കും എന്നെ കാണുന്നവര്‍ക്കും ഒക്കെ അത് തോന്നിയിരുന്നു എന്നതായിരുന്നു സത്യം. നമ്മുടെ കഥയിലെ നായകന്മാരിലൂടെയെങ്കിലും അത് ചെയ്യണം എന്ന ആഗ്രഹമാണ് ചെയ്യുന്ന ഷോര്‍ട്ട്ഫിലീമുകളിലൂടെ പുറത്തുവരുന്നത്.

മനഃപൂര്‍വ്വം കോമഡി ട്രാക്കിലേക്ക് വരുന്നതല്ല. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് അത് വര്‍ക്ക്ഔട്ട് ആയി വരുന്നതാണ്. വിനീത് മോഹന്‍ ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയ ഒരു നടനാണ്. ഫെയ്സ്‍ബുക്കിലൂടെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങിയാണ് വിനീത് മോഹനെ ഒറ്റമൂലിയിലെ കഥാപാത്രമാകാന്‍ വിളിക്കുന്നത്, ഡോക്ടറായി ജിത്തു ജോസഫും.. അവര്‍ അഭിനയിച്ചു തുടങ്ങുമ്പോഴാണ് അതിലൊരു കോമഡി ട്രാക്ക് വര്‍ക്കായി വരുന്നത്. ചുറ്റിക കൊണ്ട് മൊബൈല്‍ അടിച്ചു തകര്‍ക്കുക എന്നത് തന്നെയായിരുന്നു കഥാതന്തു. ആകെ മൊത്തം കഥ പറഞ്ഞുവന്നപ്പോള്‍ സീരിയസായി പറയുന്നതിനേക്കാള്‍ കോമഡിയാണ് എന്തുകൊണ്ടും നല്ലത് എന്ന് തോന്നുകയായിരുന്നു. ലുട്ടാപ്പിയില്‍ ഒരു കോമിക് എലമെന്റ് ആദ്യമേ ഉണ്ടായിരുന്നു.

ഒറ്റമൂലിയിലെ ഡോക്ടര്‍, ജിത്തു ജോസഫിലെത്തുന്നത്...

ഞാനെന്റെ ഭാര്യയെ എന്നും സ്കൂട്ടറില്‍ കൊണ്ടുവിടുന്ന ആളാണ്. മിക്ക ദിവസവും 10 മണിക്ക് റെയില്‍വെ ഗേറ്റ് അടച്ചിടും. ഉടനെ വണ്ടി ഓഫാക്കി, ഞാന്‍ പോലും അറിയാതെ എന്റെ കൈ എന്റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈലിലെത്തും.. അതിലിങ്ങനെ തോണ്ടിതോണ്ടിയിരിക്കും. അതിനിടയില്‍ ട്രെയിന്‍ വരും.. അത് പോകും.. അതൊന്നും നമ്മള്‍ അറിയുന്നില്ല. മുന്നിലെ വണ്ടികള്‍ നീങ്ങിത്തുടങ്ങുകയും, പിറകിലെ വണ്ടികളില്‍ നിന്ന് ഹോണടി കേട്ടുതുടങ്ങുകയും ചെയ്യുമ്പോള്‍ ഫോണ്‍ പോക്കറ്റിലിടും വണ്ടിയെടുക്കും, പോകും. ഒരു ദിവസം അവിടെയെത്തി, പോക്കറ്റില്‍ കയ്യിട്ടപ്പോഴാണ് ഫോണ്‍ വീട്ടില്‍വെച്ച് മറന്നെന്ന സത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നത്. അതുവരെ താഴോട്ട് നോക്കി നിന്നിരുന്ന ഞാന്‍ അന്ന് നേരെ നോക്കി... ഒരുപാട് പേര് റെയില്‍ ക്രോസ് ചെയ്ത് പോകുന്നു, കുട്ടികളും പ്രായമായവരും എല്ലാം അവരിലുണ്ട്. കാത്തുനില്‍ക്കുന്ന ആളുകളുടെ അക്ഷമകള്‍, പരസ്പരമുള്ള സംസാരങ്ങള്‍, ഫോണില്‍ നോക്കി ചുറ്റുപാടും മറന്ന് നില്‍ക്കുന്നവര്‍ - അങ്ങനെ എന്നും കാണാത്ത നിരവധി കാഴ്ചകള്‍ അന്ന് ഞാനവിടെ കണ്ടു. ഒരു പത്തുമിനിറ്റ് സമയം എന്റെ കയ്യില്‍ ഫോണില്ലാതെയായപ്പോള്‍ എനിക്ക് ഇത്രയും സുന്ദരമായ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞെങ്കില്‍, മനോഹരമായ മറ്റ് പല കാര്യങ്ങളും ചിന്തിക്കാന്‍ പറ്റുമെങ്കില്‍, ഫോണ്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിച്ചാല്‍ വേറെ എന്തൊക്കെ ആസ്വദിക്കാന്‍ സാധിക്കും.

അതാണ് ഒറ്റമൂലിയിലേക്ക് എത്തുന്നത്. പക്ഷേ, കയ്യില്‍ പൈസയൊന്നുമില്ല.. ആകെയുള്ളത് രണ്ട് സിനിമകളില്‍ ബംഗാളി വേഷം ചെയ്ത് കിട്ടിയ പ്രതിഫലമായ 8000 രൂപയാണ്. എല്ലാവരോടും ചെലവു ചുരുക്കി ചെയ്യുകയാണ്, സഹകരിക്കണം എന്നൊക്കെ പറഞ്ഞ് ഒരുവിധം കൂടെനിര്‍ത്തി, പിന്നെ ഒരു റൂം ഒപ്പിക്കണം.. അതും കിട്ടി.. പക്ഷേ ആരാവണം ഡോക്ടര്‍ എന്നായി പിന്നെ ചിന്ത.. പെട്ടെന്ന് മനസ്സിലേക്ക് വന്ന മുഖം ജിത്തു ജോസഫ് സാറിന്റേതാണ്. ആദിയില്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ഞാന്‍. ഒരു സിനിമയില്‍ ടെന്‍ഷന്‍ മുഴുവനും അസിസ്റ്റന്റ് ഡയറക്ടര്‍ക്കായിരിക്കും. വണ്ടി വന്നില്ല, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്നില്ല തുടങ്ങി എല്ലാം അവന്റെ തലയിലായിരിക്കും. നമ്മള്‍ ടെന്‍ഷനടിച്ച് എന്ത് പ്രശ്നം ഓടിച്ചെന്നാലും സാര്‍ ഭയങ്കര കൂള്‍ ആയിരിക്കും. അതുകൊണ്ട് എനിക്ക് ഡോക്ടറുടെ സ്ഥാനത്ത് ജിത്തുസാറിന്റെ മുഖമല്ലാതെ മറ്റൊരാള്‍ വന്നതേയില്ല. കഥകേട്ടതോടെ ഇത് ചെയ്യാമെന്നായി സാര്‍..

ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി

മേജര്‍ രവി, ജിത്തു ജോസഫ്, ജി. പ്രജിത്ത്, വിനയ് ഗോവിന്ദ്, ബോബന്‍ സാമുവല്‍ എന്നിവരുടെയെല്ലാം കൂടെ അസിസ്റ്റന്റായി.. സിനിമയിലെത്തിയ വഴി അറിയാന്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായി താത്പര്യമുണ്ടാകും..

സിനിമയിലെത്തുന്ന ആരെയും പോലെ അത് ഒരു മോഹമായി കുട്ടിക്കാലം മുതലേ ഉള്ളിലുണ്ടായിരുന്നു.. കുറേ കഥകളൊക്കെ എഴുതിയിരുന്നു. ആദ്യം കഥ പറയുന്നത് വിനയനോടാണ്. പതിവുപോലെ എല്ലാ തുടക്കക്കാരോടും പറയുന്ന മറുപടി- ഇനി സിനിമയെടുക്കുമ്പോള്‍ ഇത് ആലോചിക്കാം എന്ന്. പിന്നെ, എഴുതാന്‍ എന്നില്‍ ഒരു കഴിവുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ജയരാജാണ്. അദ്ദേഹത്തിന്റെ അശ്വാരൂഢന്‍ സിനിമയുടെ സമയത്താണ് കഥ പറയാനായി ഞാന്‍ പോകുന്നത്. അതുകഴിഞ്ഞ്, ഇത് നമുക്ക് ചെയ്യാം എന്ന് എന്നോട് പറയുന്ന സംവിധായകന്‍ മേജര്‍ രവിയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി തീരുമാനിച്ച ആ സിനിമ പക്ഷേ പിന്നെ എന്തോ കാരണം കൊണ്ട് നടന്നില്ല. പക്ഷേ അതായിരുന്നു നിമിത്തം. അങ്ങനെയാണ് ഞാന്‍ മേജര്‍ രവിയുടെ അസിസ്റ്റന്റ് ആയി ജോയിന്‍ ചെയ്യുന്നത്. കര്‍മ്മ യോദ്ധയുടെ ഭാഗമാകുന്നത് അങ്ങനെയാണ്. പിന്നെ പിക്കറ്റ് 43യും. അതിന് ശേഷം ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി.. കൂടെ ബംഗാളിയായുള്ള അഭിനയത്തിനും തുടക്കമായി.

ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി

വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ആന്‍ മരിയ കലിപ്പിലാണ്, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, വികൃതി ഇപ്പോഴിതാ ഏറ്റവുമവസാനം അഞ്ചാം പാതിര- മലയാള സിനിമയിലെ സ്ഥിരം ബംഗാളിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍?

വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളി സ്ഥിരമായിട്ട് ചായ കുടിക്കാന്‍ വരുന്ന കടയില്‍ ഒരു ബംഗാളി കഥാപാത്രമുണ്ട്. അന്ന് മലയാള സിനിമയില്‍ ബംഗാളി കഥാപാത്രം വന്നുതുടങ്ങിയിട്ടേയുള്ളൂ.. അന്നത്തെ അവസ്ഥയില്‍ ഒരു ഒറിജിനല്‍ ബംഗാളിയെ കൊണ്ടുവന്ന് അഭിനയിപ്പിക്കുക എന്നത് ഒരു ഹിമാലയന്‍ ടാസ്കാണ്. അവരെ അഭിനയിപ്പിച്ചെടുക്കുക എന്നത് എല്ലാവരുടെയും സമയം നഷ്ടപ്പെടുത്തും. ഞാനന്ന് ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ്. ആ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ മുഖം കണ്ടപ്പോള്‍ ഇനി വേറൊരാളെ അന്വേഷിക്കണ്ട എന്ന് അവര്‍ക്ക് തോന്നുകയും മീശയൊക്കെ ഒന്ന് വെട്ടിച്ചുരുക്കിയെടുക്കുകയും ചെയ്ത് വന്നതോടെ ഞാന്‍ കറക്ട് ബംഗാളിയായി. ആ കഥാപാത്രം ക്ലിക്കായി.. അതോടെയാണ് തുടര്‍ന്ന് അത്തരം വേഷങ്ങള്‍ എന്നെ തേടി വരുന്നത്.

മിഥുന്‍ മാനുവലിന്റെ ആന്‍മരിയ കലിപ്പിലാണ് സിനിമയ്ക്ക് വേണ്ടി ആ ടീം ഒരു ഒറിജിനല്‍ ബംഗാളിയെ തിരഞ്ഞുപിടിച്ച് വെച്ചിട്ടുണ്ടായിരുന്നു. അവന്‍ ഇവിടെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഷൂട്ടിന് വേണ്ടി അവന് 30 ദിവസത്തെ ലീവ് വേണമെന്നായതോടെ ബേക്കറി ഉടമ അത് കൊടുക്കില്ല എന്നായി. അത് അവസാന നിമിഷമാണ് അറിയുന്നത്. അങ്ങനെയാണ് ആ വേഷവും എന്നിലേക്ക് തന്നെ എത്തുന്നത്.

കുടുംബത്തിനൊപ്പം
കുടുംബത്തിനൊപ്പം

ബംഗാളി വേഷം മാത്രമേ ചെയ്യുകയുള്ളോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയോ?

അസിസ്റ്റന്റ് ഡയറക്ടറായതുകൊണ്ടുതന്നെ ആര്‍ട്ടിസ്റ്റുകള്‍ക്ക് പൊസിഷന്‍ കൊടുത്തും മറ്റും കാമറയെ അഭിമുഖീകരിച്ചിരുന്നതു കൊണ്ട്, പെട്ടെന്ന് കേറി അഭിനയിക്കാന്‍ പറയുമ്പോള്‍ പേടിയോ സങ്കോചമോ ഒന്നും തോന്നിയിരുന്നില്ല. തുടക്കത്തില്‍ ബംഗാളി വേഷങ്ങള്‍ തേടി വന്നത് യാദൃശ്ചികമായിരുന്നു. കിട്ടിയ വേഷങ്ങളൊക്കെ ചെയ്തു എന്നുമാത്രം. എടാ, നിനക്ക് ഈ ബംഗാളി വേഷം മാത്രമേയുള്ളോ ചെയ്യാന്‍ എന്ന് ചോദിച്ച് ആളുകള്‍ കളിയാക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്.

പക്ഷേ, മലയാള സിനിമയുടെ ഭാഗമായതുകൊണ്ട് ഓഡീഷനൊക്കെ നിരന്തരം വന്ന് ഒരു വേഷം പോലും കിട്ടാതെ മടങ്ങിപ്പോകുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ട് ഞാന്‍.. എന്തെങ്കിലും ഒരു വേഷം കിട്ടിയാല്‍ മതി എന്ന് കരുതി നില്‍ക്കുന്നവര്‍. അപ്പോള്‍ എന്നെ തേടി വരുന്ന വേഷം, അത് എന്തായാലും ചെയ്യണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സിനിമയോടാണ് എന്റെ ഇഷ്ടം. സിനിമയില്‍ എന്താണെങ്കിലും എനിക്ക് ഇഷ്ടമാണ്. ബംഗാളി വേഷം ചെയ്ത് ഗിന്നസ് ബുക്കില്‍ കയറാനൊന്നുമല്ല. ബംഗാളി വേഷമല്ലാത്ത, മറ്റെന്ത് വേഷം കിട്ടിയാലും സന്തോഷത്തോടെ ഞാനത് ചെയ്യും. പിന്നെ അഭിനയമല്ല ലക്ഷ്യം, സംവിധാനമാണ്.. ബംഗാളി വേഷത്തിന് വിളിക്കുമ്പോള്‍, മറ്റ് ക്രൂവിന്റെ കൂടെ ഭാഗമാകാന്‍ സാധിക്കും. അവരുടെ മെയ്ക്കിംഗും മറ്റ് സാങ്കേതിക കാര്യങ്ങളും മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. എല്ലാം വളരെ അടുത്ത് നിന്ന് കാണാന്‍ പറ്റും. ഞാനൊരു അസോസിയേറ്റ് ഡയറക്ടര്‍ കൂടി ആയതുകൊണ്ട്, ഏത് സെറ്റില്‍ പോയാലും എന്നെ ആരും മാറ്റി നിര്‍ത്തുകയുമില്ല. എന്റെ ഷോട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എനിക്ക് അവരുടെ കൂടെ സഹകരിക്കാന്‍ പറ്റും. പിന്നെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന പടങ്ങളിലെ എല്ലാ താരങ്ങളെയും എനിക്ക് പരിചയപ്പെടാന്‍ സാധിക്കും. അത് എനിക്ക് ഭാവിയില്‍ ഉപകാരപ്പെടുകയും ചെയ്യും.

ഇനി സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍... കഥയൊക്കെ റെഡിയാണ്... പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും...