LiveTV

Live

interviews

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മധുരിക്കുന്ന ശബ്ദങ്ങള്‍’ സൗണ്ട്‌ ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിക്കുന്നു

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സൗണ്ട്‌ ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ശബ്ദരൂപകല്‍പനകളുടെ സാധ്യതകളെക്കുറിച്ചും തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു...

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മധുരിക്കുന്ന ശബ്ദങ്ങള്‍’ സൗണ്ട്‌  ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിക്കുന്നു

മലയാള സിനിമയില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നേടിയത്രയും പകിട്ടാര്‍ന്ന വിജയം ഈയടുത്തൊന്നും ആര്‍ക്കും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. വലിയ താരമൂല്യമോ ബജറ്റോ ഇല്ലാതെ പ്രളയത്തെയും അതിജീവിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 50 കോടി ക്ലബിലേക്ക് ജൈത്രയാത്ര നടത്തുകയാണ്.

മലയാള സിനിമ ആസ്വാദനത്തില്‍ പുതിയ തലങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സാങ്കേതികമായും അതിന് പുതിയ മാനങ്ങള്‍ ലഭിക്കുകയാണ്. റിയലസ്റ്റിക് സിനിമകളെന്ന് വിശേഷിക്കപ്പെടുന്ന പുതിയ സിനിമ രീതികളില്‍ ശബ്ദമിശ്രണത്തിനും സൗണ്ട്‌ ഡിസൈനിനും വലിയ പങ്കുണ്ട്. റസൂല്‍ പൂക്കുട്ടിയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സൗണ്ട്‌ ഡിസൈനിങ്ങിലെ പുതിയ രീതികള്‍ ഇന്നത്തെ കാലത്തേക്കാള്‍ നാളെക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയിലെ മേഖലയായി അതിനെ മാറ്റും.

വിജയക്കുതിപ്പ് തുടരുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സൗണ്ട്‌ ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിലെയും ശബ്ദരൂപകല്‍പനയിലേയും സാധ്യതകളെക്കുറിച്ചും തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മധുരിക്കുന്ന ശബ്ദങ്ങള്‍’ സൗണ്ട്‌  ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിക്കുന്നു

രണ്ട് കോടി മുതല്‍ മുടക്കില്‍ നിന്ന് അമ്പത് കോടി ക്ലബിലേക്ക് കുതിക്കുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സൗണ്ട്‌ ഡിസൈന്‍ പ്രവര്‍ത്തന രീതികള്‍ എങ്ങനെയായിരുന്നു?

ആദ്യമായി ചെയ്ത സിനിമയെന്ന രീതിയില്‍ ഇത്രയും വലിയ വിജയം ചിത്രം സ്വന്തമാക്കി എന്നതില്‍ സന്തോഷമുണ്ട്. സംവിധായകന്‍ ഗിരീഷ് എ.‍ഡിക്കും നിര്‍മാതാക്കളായ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മൊഹമ്മദ്, ഷബിന്‍ ബക്കര്‍ എന്നിവര്‍ക്ക് ഈ നേട്ടത്തില്‍ ആശംസകള്‍ നേരുന്നതോടൊപ്പം അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷവും അറിയിക്കുന്നു.

സൗണ്ട്‌ ഡിസൈന്‍ നടപടികള്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ആരംഭിച്ചിരുന്നു. സാധാരണയായി ഒരു സൗണ്ട്‌ സ്ക്രിപ്റ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യുക. സിനിമയുടെ സ്ക്രിപ്റ്റ് നമുക്ക് നേരത്തെ തരും. അപ്പോള്‍ അതിനനുസരിച്ച് സ്ക്രിപ്റ്റില്‍ തന്നെ ഏതെല്ലാം ശബ്ദങ്ങള്‍ എവിടെയെല്ലാം വേണം എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കും. അങ്ങനെയാണ് സൗണ്ട്‌ സ്ക്രിപ്റ്റുണ്ടാക്കുക.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വന്നത് സ്കൂളിന്‍റെ ആമ്പിയന്‍സായിരുന്നു. ക്ലാസ് റൂം, ക്രിക്കറ്റ്, അവരുടെ സ്ലാങ്ങ് എല്ലാം കൃത്യമായി ലഭിക്കണമായിരുന്നു. അതിനായി ഒരു ഫീല്‍ഡ് റെക്കോര്‍ഡിസ്റ്റിനെ വിട്ട് ഒറിജിനല്‍ സൗണ്ട്‌ റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. സൗണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതം.

സിങ്ക് സിനിമ എന്ന സൗണ്ട്‌ ഡിസൈന്‍ സ്റ്റുഡിയോയിലെ മിക്സിങ് എന്‍ജിനീയര്‍മാരാണ്. അതുകൊണ്ട് സ്വതന്ത്രമായി ചെയ്യുന്ന ആദ്യ സിനിമയാണെങ്കിലും സാഹോ പോലുള്ള വലിയ സിനിമകളിലെ സൗണ്ട്‌ ഡിസൈന്‍ ടീമില്‍ ജോലി ചെയ്തതെല്ലാം ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍?

സമയമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ, അത് വ്യക്തിപരമാണ് എന്നുമാത്രം. കാരണം, സമയക്കുറവ് ഉണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്നോ നിര്‍മാതാക്കളില്‍ നിന്നോ ഒരു രീതിയിലുമുള്ള സമ്മര്‍ദവും ഉണ്ടായിരുന്നില്ല. നമ്മുടെ ക്രിയേറ്റിവിറ്റിയില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിഫലിക്കുക എന്നതായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നല്ലതായി തോന്നിയത്.

നമ്മുടെ ക്രിയേറ്റീവ് ഇന്‍പുട്ടുകളെ അവര്‍ നിരസിക്കുകയോ തടയിടുകയോ ചെയ്തിട്ടില്ല. അത് സിനിമയുടെ വിജയത്തിലും വലിയ പങ്ക് വഹിച്ചെന്ന് വിശ്വസിക്കുന്നു. സൗണ്ട്‌ ഡിസൈനെ പോലെ പ്രധാനപ്പെട്ടതായിരുന്നു സൗണ്ട്‌ മിക്സിങ്ങും. സൗണ്ട്‌ മിക്സര്‍ വിഷ്ണു സുജാതന്‍ സൗണ്ട്‌ ഡിപാര്‍ട്മെന്‍റിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നു. സിനിമ റിലീസായ ശേഷം സൗണ്ട്‌ ഡിസൈന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചത് അതുകൊണ്ടാകാം.

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മധുരിക്കുന്ന ശബ്ദങ്ങള്‍’ സൗണ്ട്‌  ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിക്കുന്നു

പുതിയ കാലത്തെ സിനിമകളില്‍ സിങ്ക് സൗണ്ട്‌ പോലുള്ള വ്യത്യസ്ത ശബ്ദമിശ്രണ - ശബ്ദരൂപകല്‍പന രീതികളുടെ പ്രാധാന്യങ്ങളും സാധ്യതകളും.

പൊളിറ്റിക്കലി കറക്ട് ആയതും റിയലസ്റ്റിക് ആയതുമായ സിനിമകളാണ് ഇപ്പോള്‍ ഇറങ്ങുന്നതില്‍ ഭൂരിഭാഗവും. അത്തരം സിനിമകളിലെല്ലാം പൊതുവെ സിങ്ക് സൗണ്ടാണ് ഉപയോഗിക്കുന്നത്, അഥവാ, ഷൂട്ടിങ് സ്പോട്ടില്‍ നിന്നു തന്നെ റെക്കോര്‍ഡ് ചെയ്യുന്നത്. അത്തരം സിനിമകള്‍ക്ക് ഡബിങ് അത്യാവശ്യമായി മാത്രമേ ഉണ്ടാകൂ. പക്ഷെ, അതിനുമപ്പുറം സിനിമകളില്‍ സിങ്ക് സൗണ്ടിന്‍റെ സാധ്യതകള്‍ വലുതാണ്. കാരണം, അതിന് ലൈഫ് കൂടുതലാണ്. പെര്‍ഫോം ചെയ്യുമ്പോള്‍ ശബ്ദത്തില്‍ ലഭിക്കുന്ന എക്സ്പ്രഷനുകളും ഡബ് ചെയ്യുമ്പോള്‍ ലഭിക്കുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തന്നെ ഡബിങ്ങ് കഴിയാത്ത വേര്‍ഷന്‍ ഡബ് ചെയ്തതിനേക്കാള്‍ നല്ലതായി തോന്നിയിരുന്നു.

സൗണ്ട്‌ ഡിസൈന്‍ മാത്രമല്ല, സൗണ്ട്‌ മിക്സിങ്ങും ഇതില്‍ വലിയ ഘടകമാണ്. ഉദാഹരണത്തിന്, ഉണ്ട എന്ന ചിത്രം സിങ്ക് സൗണ്ടാണ്. അതുപോലെ, ഈ.മ.യൗ ഡബിങ്ങാണ്. എന്നിരുന്നാലും ഡബിങ്ങ് ചെയ്തതാണെന്ന് അറിയിക്കാതെ പ്രേക്ഷകരിലേക്ക് ഈ.മ.യൗ കടന്നു ചെല്ലുന്നു. അവിടെയാണ് മിക്സിങ്ങിന്‍റെ കഴിവ്. തണ്ണീര്‍മത്തനില്‍ പ്രധാനമായും ആമ്പിയന്‍സും ഫോളിയുമാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഒരു സിനിമയുടെ 50 ശതമാനവും ശബ്ദത്തിലാണുള്ളത്. അത് തീര്‍ച്ചയായും പ്രേക്ഷകന്‍റെ സിനിമാസ്വാദനത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മധുരിക്കുന്ന ശബ്ദങ്ങള്‍’ സൗണ്ട്‌  ഡിസൈനര്‍മാരായ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിക്കുന്നു

കൊമേഴ്സ്യല്‍ മസാല സിനിമകളാണോ, റിയലിസ്റ്റിക് സിനിമകളാണോ ശബ്ദമിശ്രണ - ശബ്ദരൂപകല്‍പന സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്?

രണ്ടിലും സാധ്യതകള്‍ ഏറെയാണ്. ഉദാഹരണത്തിന് ലൂസിഫര്‍, മധുരരാജ പോലുള്ള സിനിമകളില്‍ കൂടുതല്‍ കൊമേഴ്സ്യല്‍ ചേരുവകകള്‍ക്കനുസരിച്ചുള്ള ശബ്ദമിശ്രണമാണ് ചെയ്തിരിക്കുന്നത്. തണ്ണീര്‍മത്തനിലേക്ക് വരുമ്പോള്‍ അത് സട്ടിലാകുന്നു. ഡയലോഗുകള്‍, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ എന്നീ മൂന്ന് ചേരുവകകള്‍ കൃത്യമായി ചേര്‍ന്നാല്‍ മാത്രമേ പ്രേക്ഷകരിലേക്ക് അത് എത്തുകയുള്ളൂ. നേരത്തെ പറഞ്ഞത് പോലെ, ഈ.മ.യൗ എന്ന സിനിമയില്‍ പശ്ചാത്തല സംഗീതം വളരെ കുറവാണ്. അതുകൊണ്ട് ഡയലോഗുകള്‍ക്ക് കൂടുതല്‍ ശബ്ദം നല്‍കി ശ്രദ്ധയാകര്‍ഷിക്കേണ്ട ആവശ്യമില്ല.

എന്നാല്‍, കൊമേഴ്സ്യല്‍ മസാല സിനിമകളില്‍ ഡയലോഗുകള്‍, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ എന്നിവ ഒന്ന് മറ്റൊന്നിനെ ക്ഷതപ്പെടുത്താത്ത രീതിയില്‍ ഇറക്ക കയറ്റങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. തിരക്കഥയിലും സംവിധാനത്തിലും ഡീറ്റെയിലിങ്ങ് നടത്തുന്നത് പോലെ സൌണ്ട് ഡിസൈനിലും വളരെയധികം ഡീറ്റെയിലിങ്ങ് നടത്താറുണ്ട്. ഉദാഹരണത്തിന് ഫൂട്ട് സ്റ്റെപ്സിന്‍റെ ശബ്ദം, വസ്ത്രം, ജാക്കറ്റ് തുടങ്ങി ചെറിയ കാര്യങ്ങള്‍ വരെ വളരെ സൂക്ഷ്മമായി നോക്കണം. പല സാഹചര്യങ്ങളിലും കഥാപാത്രങ്ങള്‍ ഉപയോഗിച്ച അതേ സാധനങ്ങള്‍ വീണ്ടുമുപയോഗിച്ച് ശബ്ദ രൂപകല്‍പന ചെയ്യാറുണ്ട്. ഏതൊരു ഫോര്‍മാറ്റിലുള്ള സിനിമകളായാലും തിയേറ്റര്‍ എക്സ്പീരിയന്‍സിന് വേണ്ട രീതിയിലായിരിക്കും ശബ്ദമിശ്രണം നടത്തുക.

ശബ്ദമിശ്രണ - ശബ്ദരൂപകല്‍പന മേഖലയിലേക്ക് എങ്ങനെ എത്തിപ്പെട്ടു?

സിദ്ധാര്‍ത്ഥന്‍: തികച്ചും യാദൃശ്ചികമായിരുന്നു. അതിനെ ഒരു ബട്ടര്‍ഫ്ലൈ ഇഫക്ട് ആയി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ ലഭിക്കുന്നതിലൂടെയാണ് ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍, സൗണ്ട് ഡിസൈന്‍റെ സാധ്യതകള്‍ വളരെ സജീവമാകുന്നത്. പക്ഷെ, അതിനും മുമ്പെ അച്ഛന്‍ ചേട്ടനോട് സൗണ്ട് ഡിസൈന്‍ പഠിക്കാനും അതിന് ഭാവിയില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ന് പറയുകയും ചെയ്യുന്നത് കേട്ടിട്ടുണ്ട്.

പക്ഷെ, ചേട്ടന് അതിന് സാധിച്ചില്ല. അക്കാലയളവിലാണ് എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ശേഷം പാലക്കാട് വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡിയില്‍ കോളേജിന്‍റെ പ്രിന്‍സിപ്പലും ഗായകനുമായ പ്രദീപ് സോമസുന്ദരത്തിന്‍റെ കീഴില്‍. ഓഡിയോ എന്‍ജിനീയറിങ്ങ് കോഴ്സ് വരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്കവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നത്. അച്ഛനില്‍ നിന്നും ചേട്ടനിലൂടെ അത് ഒരു ബട്ടര്‍ഫ്ലൈ ഇഫക്ട് പോലെ എന്നിലേക്കെത്തുകയായിരുന്നു. നേരത്തെ പറഞ്ഞത് പോലെ, അതില്‍ ഒരുപാട് പേര്‍ കാരണക്കാരായിട്ടുണ്ട്.

ശങ്കരന്‍: സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയതാണ്. സിനിമയിലെ ഏതെങ്കിലും ടെക്നിക്കല്‍ മേഖലയില്‍ ജോലി ചെയ്യണമെന്നുള്ള അതിയായ ആഗ്രഹം പിന്നെ സൗണ്ട് ഡിസൈനിലെ സാധ്യകള്‍ക്ക് വഴി തെളിച്ചു. അങ്ങനെ തുടങ്ങിയ യാത്ര തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ എത്തിനില്‍ക്കുന്നു.

ശബ്ദമിശ്രണ - ശബ്ദരൂപകല്‍പന രംഗത്തെ ഭാവിയിലെ സാധ്യതകള്‍?

വലിയ സാധ്യതകളുണ്ട്. സൗണ്ട് ഡിസൈന്‍ പഠിക്കുന്ന കാലത്ത് അത് അത്ര പ്രചരണത്തിലുള്ള ഒരു ജോലിയായിരുന്നില്ല. സിനിമയുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ അതില്‍ സൗണ്ട് മിക്സിങ്ങോ സൗണ്ട് ഡിസൈനോ അതില്‍ കൊടുക്കാറുണ്ടായിരുന്നില്ല. കാലം മാറി. ഇപ്പോള്‍ എല്ലാ സിനിമ പോസ്റ്ററുകളിലും സൗണ്ട് മിക്സിങ്ങിനും സൗണ്ട് ഡിസൈനിങ്ങിനും സ്ഥാനമുണ്ട്.

അത് സൗണ്ട് ഫിലിം ഇന്‍റസ്ട്രിയില്‍ വരാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷമായിട്ടുണ്ടാവുകയുള്ളൂ. തീര്‍ച്ചയായും ശബ്ദമിശ്രണം അതിന്‍റെ വളര്‍ച്ചാഘട്ടത്തിലാണ്. അതിന് കാരണം പ്രതിഭാശാലികളായ സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും കടന്നുവരവാണ്. പിന്നെ, പ്രേക്ഷകന്‍റെ ആസ്വാദന രീതിയിലുണ്ടാകുന്ന മാറ്റങ്ങളും.

വരാനിരിക്കുന്ന പ്രൊജക്ടുകള്‍?

പലതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്‍റണിയാണ് അടുത്ത ചിത്രം. അനുഗ്രഹീതന്‍ ആന്‍റണിയിലേക്ക് വരുമ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിജയം ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.