LiveTV

Live

interviews

ഇത് സൗഹൃദത്തില്‍ പിറന്ന ‘തമാശ’; സംവിധായകന്‍ അഷ്‌റഫ് ഹംസ സംസാരിക്കുന്നു

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി, സുഡാനി ഫ്രം നൈജീരിയ എന്നീ സൂപ്പർഹിറ്റുകൾ ഒരുക്കിയ ഹാപ്പി ഹവേർസിന്റെ ബാനറിൽ വരുന്ന സിനിമ 

ഇത് സൗഹൃദത്തില്‍ പിറന്ന ‘തമാശ’; സംവിധായകന്‍ അഷ്‌റഫ് ഹംസ സംസാരിക്കുന്നു

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി, സുഡാനി ഫ്രം നൈജീരിയ എന്നീ സൂപ്പർഹിറ്റുകൾ ഒരുക്കിയ ഹാപ്പി ഹവേർസിന്റെ ബാനറിൽ വരുന്ന സിനിമ. ചെമ്പൻ വിനോദ് , ലിജോ ജോസ് പല്ലിശ്ശേരി, ഷൈജു ഖാലിദ് , സമീർ താഹിർ എന്നീ വരടങ്ങിയ താര സമ്പന്നമായ പ്രൊഡക്ഷൻ ടീം. മുഹ്സിൻ പെരാരി എന്ന ഗാനരചയിതാവ്. പ്രതീക്ഷയുടെ അമിതഭാരം ആവോളം ഏറിയാണ് തമാശ വരുന്നത്. സിനിമയെക്കുറിച്ച് സംവിധായകൻ അഷറഫ് ഹംസ സംസാരിക്കുന്നു.

സക്കരിയ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം ആയിരുന്നു കഴിഞ്ഞ വർഷം ഹാപ്പി ഹവേർസ് പ്രൊഡക്ഷനിൽ നടന്നത്. ഇത്തവണയും ഒരു നവാഗത സംവിധായകനായാണ് ഹാപ്പിഹവേർസ് സിനിമ ചെയ്യുന്നത്. പിന്നണിയിൽ സുഡാനിയിലെ സൗഹൃദ സംഘം തന്നെയാണോ ?

തീർച്ചയായും നൂറു ശതമാനം സൗഹൃദത്തിന്റെ പിൻബലത്തിൽ സംഭവിച്ച സിനിമയാണ് തമാശ. അത് പക്ഷേ സുഡാനിക്കും പുറത്തുമുള്ള സൗഹൃദ സംഘമാണ്. സക്കരിയയും മുഹ്സിനും എല്ലാം ഒരുപാടുക്കാലം മുൻപ് തന്നെ സഹൃദ് വലയത്തിൽ ഉള്ള ആൾക്കാരാണ്. ശേഷം ഉണ്ടായ ബന്ധമാണ് സമീർ താഹിറും സംഘവുമായുള്ളത്. ഇവരൊക്കെ ചേർന്നു സംഭവിച്ച ഒരു സിനിമയാണ് തമാശ എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

തമാശ ' പേരുപ്പോലെ തമാശ പടം ആയിരിക്കുമോ ?

തമാശ ഒരു റോം കോം ജോണർ സിനിമയാണ്. മലയാളികൾ ആ തമാശ അസ്വദിക്കും എന്നു വിശ്വസിക്കുന്നു.

ഇത്രയും വലിയ ബാനറും പ്രാഡ്യൂസർമാരും ഉള്ളതിന്റെ ബേജാറ് ഉണ്ടായിരുന്നോ ... ?

ഇല്ല, എല്ലാ തരത്തിലും ഇതൊക്കെ സഹായകമായിട്ടെ ഒള്ളൂ, ഇത്രയും സീനിയർ ആയ ആൾക്കാർ കൂടെയുണ്ടാവുന്നത് പുതിയ വരുന്ന ഏതൊരാൾക്കും കരുത്തു തന്നെയാണ്. സമീർ താഹിർ ആണ് ക്യാമറ ചെയ്തിരിക്കുന്നത്. വിനയ് ഫോർട്ട് ഏറെ കംഫെര്‍ട്ട് ആയുള്ള നടനായിരുന്നു. ടീമിലെ ഓരോരുത്തരും പടത്തിന്റെ നന്മക്കായാണ് വർക്ക് ചെയ്തിരുന്നത്.

ശ്യാം,സക്കരിയ, കമൽ കെ എം , ഖാലിദ് റഹ്മാൻ മുഹ്സിൻ തുടങ്ങീ പേരു പറഞ്ഞു തീരാത്തത്ര പേരുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടായിരുന്നു. ചെമ്പൻ, ലിജോ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നീവർ പ്രൊഡ്യൂസേർസ് ആയും അല്ലാതെയും സിനിമക്കു വേണ്ടതെല്ലാം നല്കി കൂടെ നിന്നിരുന്നു. പടത്തിന്റെ ഏറിയ പങ്കും പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ആണ് ഷൂട്ട് ചെയ്തതും. നമുക്ക് അപരിചിതമായി ഒന്നും തന്നെയുണ്ടായിരുന്നില്ല സിനിമ ചെയ്യുമ്പോൾ. അതു തന്നെയാണ് ഒരു മേക്കറെ കൂളാക്കി നിർത്തുന്ന കാര്യവും എന്നു തോന്നുന്നു.

ആദ്യ സംവിധാന ശ്രമമാണല്ലോ, സിനിമയിലെത്തുന്നത് എങ്ങനെയായിരുന്നു.

ഒരു ക്ലീഷേ ചോദ്യവും ഉത്തരവും ആണിത്. ഓരോരുത്തരും അവരവരുടേതായ മനോഹരമായ കഥകൾ സിനിമക്കു മുമ്പ് ബാക്ക് അപ്പ് ആയിട്ടുണ്ടാകും. യേ കഹാനി ബഹുത്ത് പുരാനി ഹെ ( ചിരിക്കുന്നു ). ശരിക്കും ഒരു ഫിലിം ഫാൻ ബോയി ആയിരുന്നു ഞാൻ, അതിന്റെ പരിണാമം ഇങ്ങനെയൊക്കെ ആവും.

നെറ്റീവ് വാപ്പ, നെറ്റീവ് സൺ എന്നീ മലയാളം റാപ്പ് മ്യൂസിക്ക് വീഡിയോസിന് വരികൾ എഴുതിയ മുഹ്സിൽ പെരാരി ഗാനരചയിതാവ് ആയി വരുന്നതിൽ ആവോളം കൗതുകം ഉണ്ട്. സിനിമയിലെ പാട്ടുകളെ പറ്റി ?

മുഹ്സിൻ എന്റെ വളരെ പഴയ ഒരു സുഹൃത്താണ്. മുഹ്സിന്റെ പല കുറിപ്പുകളും വായിച്ചിട്ടുള്ള എനിക്ക് രണ്ട് പാട്ടുകളുടെ വരികൾക്ക് മുഹ്സിനെ സമീപിക്കൽ വളരെ എളുപ്പമായ തീരുമാനം ആയിരുന്നു. ഷഹ്ബാസ് അമനും റെക്സ് വിജയനും ആണ് പാട്ടുകൾ കംമ്പോസ് ചെയ്തിരിക്കുന്നത്, മനോഹരമാവും എന്നു കരുതുന്നു.