കോവിഡ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ പ്രവേശന വിലക്ക്
അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 17 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 28 വരെ ന്യൂസിലാൻഡിൽ പ്രവേശന വിലക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ പ്രവേശന വിലക്ക്. ഞായറാഴ്ച മുതല് വിലക്ക് നിലവിൽ വരും. സമ്പദ്ഘടനയെയും ആരോഗ്യമേഖലയേയും തകർത്ത് ബ്രസീലിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ മാസം 19 മുതൽ അമേരിക്കയിലെ എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കും.
അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 17 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 28 വരെ ന്യൂസിലാൻഡിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡേൺ അറിയിച്ചു.
പ്രതിദിന മരണസംഖ്യ നാലായിരത്തിൽ അധികമുള്ള ബ്രസീലിൽ കോവിഡ് വ്യാപന നിരക്ക് അതിഗുരുതരമായി തുടരുകയാണ്. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. പലയിടങ്ങളിലും ഓക്സിജൻ സിലിണ്ടറുകളും അവശ്യ മരുന്നുകളും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതി മോശമായിട്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. വൈറസ് സൃഷ്ടിക്കുന്നതിനേക്കാൾ ആഘാതം ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ജെയർ ബോൽസണാറോയുടെ പക്ഷം. അതിവേഗ വ്യാപന ശേഷിയുള്ള വൈറസിന്റെ പല വകഭേദങ്ങളും ബ്രസീലിൽ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
79,000ത്തിൽ അധികം പ്രതിദിന കേസ് റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയിൽ ഏപ്രിൽ 19 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം കോവിഡ് വാക്സിൻ ലഭ്യമാക്കും. പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആസ്ട്രസെനക വാക്സിന്റെ ഉപയോഗം 30 വയസ്സിന് താഴെയുള്ളവരിൽ കുറക്കാൻ ബ്രിട്ടൺ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ജപ്പാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. മൂന്നാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഫ്രാൻസിന് പുറമെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്.