ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതി; ഗോഗ്ര അതിര്‍ത്തിയില്‍ നിന്നും ചൈന പിന്മാറും
ഹോട്സ്പ്രിങ്, ദേപ്സാങ് എന്നിവിടങ്ങളിൽ സൈനിക പിന്മാറ്റത്തിൽ ഒപ്പുവച്ചേക്കില്ലെന്നാണ് സൂചന

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ ഉടൻ ഒപ്പുവെക്കും. ഗോഗ്രയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിൽ മാത്രമാണ് നിലവിൽ ധാരണയായത്. ഹോട്സ്പ്രിങ്, ദേപ്സാങ് എന്നിവിടങ്ങളിൽ സൈനിക പിന്മാറ്റത്തിൽ ഒപ്പുവച്ചേക്കില്ലെന്നാണ് സൂചന.
ഇന്ത്യ-ചൈന പത്താംവട്ട കമാണ്ട൪ തല ച൪ച്ചയിലാണ് ഗോഗ്രയിൽ നിന്ന് കൂടി സൈനിക പിന്മാറ്റം നടത്താൻ ധാരണയായത്. ഒമ്പതാം വട്ട ച൪ച്ചയിൽ ധാരണയായതനുസരിച്ച് ലഡാക് പങ്ങോങ്ങ് സോയിലെ സൈനിക പിന്മാറ്റം പൂ൪ത്തിയായ സാഹചര്യത്തിലായിരുന്നു പത്താം വട്ട ച൪ച്ച. അതേസമയം ദേപ്സാങ്, ഹോട്സ്പ്രിങ്സ് ദേംചോക് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഗോഗ്രയിലെ സൈനിക പിന്മാറ്റം സംസംബന്ധിച്ച രേഖയിൽ ഇരു സൈനിക പ്രതിനിധികളും ഉടൻ ഒപ്പുവെക്കും.
പതിനാറ് മണിക്കൂ൪ നീണ്ടുനിന്ന ച൪ച്ചക്കൊടുവിലാണ് ഗോഗ്രയുടെ കാര്യത്തിൽ ധാരണയായത്. നിയന്ത്രണരേഖയിൽ നിന്ന് ചൈന അധീന മേഖലയിലെ മാൽഡോവിൽ വെച്ച് നടന്ന ച൪ച്ച ഇന്ന് പുല൪ച്ചെ രണ്ട് മണി വരെയാണ് നടന്നത്. ഇന്ത്യൻ വിഭാഗത്തിന് മലയാളിയായ ലെഫ് ജനറൽ പി.ജി.കെ മേനോനും ചൈനയുടെ സംഘത്തിന് മേജ൪ ജനറൽ ലിൻ ലിയുവുമാണ് നേതൃത്വം നൽകിയിരുന്നത്.