വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്ങ്
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു

വാഷിങ്ടൺ: ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
വിമാനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിൽ ചിതറി വീണിട്ടുണ്ട്. 231 യാത്രക്കാരും 10 ജീവനക്കാരുമായി ഹൊനോലുലുവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 777-200 വിമാനത്തിന്റെ എഞ്ചിന് തീപിടിക്കുകയായിരുന്നു.
വിമാനത്തിന്റെ ഭാഗങ്ങൾ പൊട്ടിതെറിച്ചു എന്നാണ് റിപ്പോർട്ടുകൾ. പറന്നുയർന്ന ഉടനെ തന്നെയാണ് എഞ്ചിൻ തകരാറിലായത്. തുടർന്ന് തിരികെ ഡെൻവർ വിമാനത്താവളത്തിൽ തന്നെ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.