കനത്ത മഞ്ഞില്‍ കുടുങ്ങിയ ട്രക്കിനെ 'കര കയറ്റാന്‍' സഹായിച്ച് യുവതി; ഒരു വര്‍ഷത്തേക്ക് സൌജന്യ പാലുല്പന്നങ്ങള് സമ്മാനം
ചൊവ്വാഴ്ചയാണ് ചാര്‍ലിനെ ഹീറോയിനാക്കിയ സംഭവമുണ്ടായത്

ഒരൊറ്റ വീഡിയോ കൊണ്ട് സ്കോട്ട്ലാന്‍ഡുകാരുടെ സൂപ്പര്‍ വുമണായി മാറിയിരിക്കുകയാണ് ചാര്ലിന് ലെസ്ലി എന്ന മുപ്പത്തിമൂന്നുകാരി. കൊടുംമഞ്ഞില്‍ കുടുങ്ങിയ പാല് സംഭരിച്ചുകൊണ്ടുപോകുന്ന ട്രക്കിന് തള്ളിതള്ളി ഒരു കരയ്ക്കെത്തിച്ചാണ് ചാര്ലിന് ലോകത്തിന്റെ മനസ് കവര്‍ന്നത്.

ചൊവ്വാഴ്ചയാണ് ചാര്‍ലിനെ ഹീറോയിനാക്കിയ സംഭവമുണ്ടായത്. കൊടുംതണുപ്പില്‍ വിറങ്ങലിച്ചുകൊണ്ടിരിക്കുകയാണ് സ്കോട്ട്ലാന്‍ഡ്. കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെയാകെ ബാധിച്ചിരിക്കുകയാണ്. കൌഡന്ബീത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം അത്ര സുഗമമല്ല. ഇതിനിടയിലാണ് കൌഡന്ബീത്തിലെ നിരത്തിലൂടെ പോയ ഡയറി ലോറി മഞ്ഞില്‍ കുടുങ്ങിയത്. ഒപ്പം മറ്റ് വാഹനങ്ങളും. കാറുള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ മറ്റുള്ളവരുടെ സഹായം മൂലം മഞ്ഞ്മല കടന്നെങ്കിലും ലോറിയെ ആരും ശ്രദ്ധിച്ചില്ല. ഈ സമയം മക്കള്‍ക്കൊപ്പം കടയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി കൂടിയായ ചാര്ലിന് ലോറിക്ക് സമീപമെത്തുകയും തള്ളിക്കയറ്റാന്‍ സഹായിക്കുകയും ചെയ്തു.
ഗ്രഹാംസ് ഡയറിയുടെ ലോറിയെയാണ് ചാര്ലിന് ഇത്തരത്തില്‍ സഹായിച്ചത്. ഇതിന് പ്രത്യുപകാരമായി ഒരു വര്‍ഷത്തേക്ക് സൌജന്യമായി പാലുല്പന്നങ്ങള് നല്‍കാനായിരുന്നു ഗ്രഹാംസ് ഡയറിയുടെ തീരുമാനം. ചാര്ലിന് ട്രക്ക് തള്ളുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ചാര്‍ലിനെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. എന്നാല്‍ ഒരാള്‍ ആപത്തില്‍ പെടുമ്പോള്‍ സഹായിക്കുക എന്നത് തന്റെ കടമയാണെന്ന് ചാര്ലിന് പറഞ്ഞു.