2019 ഡിസംബറിന് മുന്‍പ് തന്നെ വുഹാനിൽ കൊറോണ വൈറസ് പടർന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടന
വുഹാനിൽ പരിശോധന നടത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരെ ഉദ്ധരിച്ച് സി.എൻ.എനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

2019 ഡിസംബറിന് എത്രയോ മുന്‍പ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പടർന്നിരിക്കാമെന്ന് ഡബ്ള്യൂ.എച്ച്.ഒയുടെ കണ്ടെത്തൽ. ഡിസംബറിൽ തന്നെ വൈറസിന് ജനിതക മാറ്റം സംഭവിച്ചിരുന്നു. വുഹാനിൽ പരിശോധന നടത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരെ ഉദ്ധരിച്ച് സി.എൻ.എനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം കഴിഞ്ഞയാഴ്ചയാണ് ചൈനയിലെ വുഹാനിൽ അന്വേഷണം പൂർത്തിയാക്കിയത്. വൈറസിന് 2019 ഡിസംബറിൽ തന്നെ 13 ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നവെന്ന് സംഘം കണ്ടെത്തി. അതിന്റെ അർഥം ആ ഡിസംബറിന് എത്രയോ കാലം മുന്‍പ് തന്നെ വൈറസ് വുഹാനിലെത്തിയിട്ടുണ്ട് എന്നാണെന്ന് വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ തലവൻ പീറ്റർ ബെൻ എംബാരെക് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം സങ്കീർണമാക്കുന്നതാണ്. വലിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ചൈനയിൽ അന്വേഷണം നടത്താൻ ഡബ്ള്യൂ.എച്ച്.ഒ പ്രതിനിധികൾക്ക് അനുമതി നൽകിയിരുന്നത്. കോവിഡ് പടര്‍ന്നത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദം വിദഗ്ധ സംഘം തള്ളി യിരുന്നു. വവ്വാലുകളിൽ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാം വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്.