ഉപരോധം പിൻവലിക്കില്ലെന്ന് യു.എസ്; ഇറാന്റെ ആവശ്യം ബൈഡൻ തള്ളി
ഇറാനുമായുള്ള ഭാവി ചർച്ചാ സാധ്യത ബെഡൻ തള്ളിയിട്ടില്ല.

ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും ബൈഡൻ പറഞ്ഞു. അതേ സമയം ഇറാനുമായുള്ള ഭാവി ചർച്ചാ സാധ്യത ബെഡൻ തള്ളിയിട്ടില്ല.
ചർച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ നേതൃത്വം അറിയിച്ചത്. എന്നാൽ ചർച്ചക്ക് മുന്നുപാധി നിർണയിക്കാൻ സാധിക്കില്ലെന്നാണ് ബൈഡൻ പരോക്ഷമായി സൂചിപ്പിച്ചത്. യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തിയ നീക്കം പിൻവലിക്കാൻ ഇറാൻ തയ്യാറായാൽ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് ബൈഡൻ നൽകുന്ന സന്ദേശം.
2015ലെ ആണവ കരാറിനു മേൽ ഇനി തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചു. ഉപരോധം പിൻവലിക്കുക, കരാർ നടപ്പാക്കാൻ സന്നദ്ധത അറിയിക്കുക എന്നിവയാണ് അമേരിക്കയോട് ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂനിയനാണ് ഇറാനും അമേരിക്കക്കും ഇടയിൽ സമവായത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്.