LiveTV

Live

International

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഫോൺ വിളിച്ചു; സൗദി വിദേശകാര്യ മന്ത്രിയുമായി സംഭാഷണം

ബൈഡൻ യു.എസ് പ്രസിഡന്റായ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ സംഭാഷണമാണിത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഫോൺ വിളിച്ചു; സൗദി വിദേശകാര്യ മന്ത്രിയുമായി സംഭാഷണം

യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്റോണി ബ്ലിൻകെൻ സൗദി വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ബൈഡൻ യു.എസ് പ്രസിഡന്റായ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ സംഭാഷണമാണിത്. മേഖലയിലെ സുരക്ഷയടക്കമുള്ള വിഷയങ്ങൾ ഇരുവരും സംസാരിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.

ജോ ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി അന്റോണി ബ്ലിൻകെൻ നിയമിക്കപ്പെട്ടത്. സുപ്രധാന രാജ്യങ്ങളുമായുള്ള സഹകരണം തുടരുന്നതിന്റെ ഭാഗമായാണ് സൗദിയിലേക്കുള്ള ഫോൺ വിളി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി അദ്ദേഹം ദീർഘ നേരം സംസാരിച്ചു. വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ അദ്ദേഹത്തെ സൗദി അഭിനന്ദിക്കുകയും ചെയ്തു.

പിന്നാലെ, മേഖലയിലെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടാൻ യു.എസിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. യമനിലെ സൈനിക നടപടിക്ക് യു.എ.ഇക്കും സൗദിക്കുമുള്ള യു.എസ് പിന്തുണ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഫോൺ സംഭാഷണമെന്നതും ശ്രദ്ധേയമാണ്. സൗദിയിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതടക്കമുള്ള കാര്യങ്ങളിൽ യു.എസിന്റെ നിലപാട് സൗദി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് ജെൻ പി സാക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.