സ്ത്രീകള്‍ ക്രൂര ബലാത്സംഗത്തിനിരയായി, പുരുഷന്മാരെ കൂട്ടത്തോടെ കൊന്നു: ഉയിഗൂർ വംശജർക്കെതിരായ ചൈനീസ് അതിക്രമത്തിന്റെ നേര്‍സാക്ഷ്യവുമായി ബിബിസി
തടങ്കൽ പാളയങ്ങളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളുമായി സംസാരിച്ച് ബിബിസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

ഉയിഗൂർ വംശജർക്കെതിരായ ചൈനീസ് അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തടങ്കൽ പാളയങ്ങളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളുമായി സംസാരിച്ച് ബി.ബി.സി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സ്ത്രീകളെ അധികൃതർ നിരന്തരം ക്രൂര ബലാത്സംഗത്തിനിരയാക്കിയിരുന്നതായും നൂറുകണക്കിന് പുരുഷൻമാരെ വധിച്ചതായുമാണ് വെളിപ്പെടുത്തൽ.

''വംശഹത്യ, ഉയിഗൂർ വംശജരെ പൂർണമായി ഇല്ലാതാക്കൽ, അത് മാത്രമാണവരുടെ ലക്ഷ്യം'' തുർസുനെ സിയാവുഡൻ എന്ന മുൻ തടവുകാരി സ്വന്തം അനുഭവങ്ങൾ വെച്ച് ഇക്കാര്യം തറപ്പിച്ചു പറയുന്നു. ഒമ്പത് മാസം ചെലവഴിച്ച തടങ്കൽ പാളയത്തിലെ കിരാത പീഡനങ്ങളെ കുറിച്ച് പറയുമ്പോൾ പലപ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞു. ക്യാമ്പിലെ സ്ത്രീകൾ എല്ലാ രാത്രികളിലും ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി. ചെറുക്കാൻ ശ്രമിച്ചവരെ മാരകമായി മുറിവേൽപ്പിക്കുകയോ വധിക്കുകയോ ചെയ്തു. കോവിഡ് വ്യാപനത്തിന് മുമ്പായിരുന്നിട്ടും ക്യാമ്പിലെത്തിയ ചൈനീസ് പുരുഷൻമാരെല്ലാം മാസ്ക് ധരിച്ചിരുന്നതായും തുർസുനെ ഓർക്കുന്നു.

ഉയിഗൂർ മുസ്ലിംകളെ പാർപ്പിച്ച പീഡന കേന്ദ്രങ്ങളെ കുറിച്ച് നേരത്തെയും വാർത്തകൾ വന്നിരുന്നെങ്കിലും തടവറയിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ അനുഭവ വിവരണം ആദ്യമാണ്. ഉയിഗൂർ വംശജരെ ചൈനീസ് സംസ്കാരം പഠിപ്പിക്കാനെന്ന പേരിൽ സ്ഥാപിച്ച സിൻജിയാങ് തടങ്കൽപ്പാളയങ്ങളിൽ പത്ത് ലക്ഷത്തിലധികം പുരുഷൻമാരെയും സ്ത്രീകളെയും തടഞ്ഞുവെച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

അതിശക്തമായ സെൻസറിങ്ങും മാധ്യമ വിലക്കുകളും നിലനിൽക്കുന്നതിനാൽ പീഡന കേന്ദ്രങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ പുറംലോകത്തെത്തിയിരുന്നില്ല. അതേസമയം, ക്രൂരമായ മർദനമുറകൾ, ഭക്ഷണവും മരുന്നും നിഷേധിക്കൽ, നിർബന്ധിത വന്ധ്യംകരണം, മതപരമായ സ്വാതന്ത്ര്യ നിഷേധം തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് കേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഉയിഗൂർ മുസ്ലിംകളുടെ സംസ്കാരം, ഭാഷ, മതം എന്നിവ നീക്കം ചെയ്യാനും അവരെ മുഖ്യധാരാ ചൈനീസ് സംസ്കാരത്തിലേക്ക് ലയിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ക്യാമ്പിന്റെ ആദ്യ നാളുകളിലുണ്ടായിരുന്നതെന്നും പിന്നീടത് കരുണാരഹിതമായ മർദനമുറകളുടെ അകമ്പടിയോടെ തുടർന്നതായും ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു.