LiveTV

Live

International

മ്യാന്മർ പട്ടാള അട്ടിമറി: ലോകം പ്രതികരിക്കുന്നതെങ്ങനെ?

''വംശീയപരമായും, മതപരമായും ആഴമുള്ള മുറിവുകൾ ഏറെയുണ്ട് മ്യാന്മറിന് ''...

മ്യാന്മർ പട്ടാള അട്ടിമറി: ലോകം പ്രതികരിക്കുന്നതെങ്ങനെ?

മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓങ് സാങ് സൂചി​യെയും പ്രസി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടി​നെ​യും വി​ട്ട​യക്കണമെന്ന​ ആവശ്യം ശക്തമാകുകയാണ്. ഐക്യരാഷ്ട്ര സഭയും ഹ്യൂമൻ റൈറ്റ്സ് വാച്ചും നിരവധി ലോകരാജ്യങ്ങളും മ്യാന്മർ സൈന്യത്തിന്റെ അട്ടിമറി നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഓസ്ട്രേലിയ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് ഇതിനോടകം പരസ്യ പ്രതികരണങ്ങൾ മുന്നോട്ടുവെച്ചത്.

അതേസമയം, മ്യാന്മറിൽ നടക്കുന്ന സംഭവവികാസങ്ങൾ മറ്റൊരു ഭാവിയിലേക്കുള്ള വാതിലാണെന്നാണ് മ്യാന്മറിലെ ആക്ടിവിസ്റ്റുകളും എഴുത്തുകാരന്മാരും പ്രതികരിക്കുന്നത്. ''സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ ആർക്കും നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഓർമിക്കേണ്ട ഒരു കാര്യമുണ്ട്, മ്യാന്മർ ആയുധങ്ങളാൽ നിറഞ്ഞുകവിഞ്ഞ ഒരു രാജ്യമാണ്. വംശീയപരമായും, മതപരമായും വളരെ ആഴത്തിലുള്ള വേർതിരിവുകൾ നിലനിൽക്കുന്ന രാജ്യം, മില്യൺ കണക്കിനാളുകൾക്ക് സ്വന്തമായി ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ പോലും കഴിയാത്ത രാജ്യം". മ്യാൻമറിലെ എഴുത്തുകാരനും ചരിത്രകാരനുമായ താണ്ട് മിയിന്റ് യു പറയുന്നു.

സൂചിയെയും, വി​ന്‍ മി​ന്‍​ടി​നെ​യും വിട്ടയക്കാൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെന്ന മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തി​. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​വാ​ഴ്ച​യും പാ​ലി​ക്ക​പ്പെ​ട​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും പി​ന്തു​ണക്കി​​ല്ലെ​ന്നും യു.എസ് അ​റി​യി​ച്ചു. മ്യാന്മർ ഒരിക്കൽക്കൂടി സൈനിക അട്ടിമറിക്ക് വിധേയമായി എന്നത് ദുഃഖകരമാണെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മേരിസ് പെയിനെ വ്യക്തമാക്കി. ''സൈന്യം നിയമവാഴ്ചയെ ബഹുമാനിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. പ്രശ്നങ്ങളെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് പരിഹരിക്കണം. നിയമവിരുദ്ധമായി തടങ്കലിൽ ആക്കിയ നേതാക്കളെ വിട്ടയക്കണം'' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ കക്ഷികളും മ്യാന്മറിൽ സംയമനം പാലിക്കേണ്ടതുണ്ടെന്ന് സിംഗപ്പൂർ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അട്ടിമറിയെ അപലപിച്ച സിംഗപ്പൂർ, കാര്യങ്ങളെ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരികയാണെന്നും വ്യകത്മാക്കി. സൈന്യത്തിന്റെ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് ഓങ് സാൻ സൂചിക്ക് ഐക്യരാഷ്ട്ര സഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അട്ടിമറി നടന്നയുടനെ സംഭവത്തെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് അപലപിച്ചു. മ്യാന്മറിന്റെ ജനാധിപത്യ പരി‌ഷ്കാരങ്ങൾക്ക് മേലുള്ള വലിയ തിരിച്ചടിയാണ് ഈ അട്ടിമറിയെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ നവംബറിൽ നടന്ന മ്യാന്മറിന്റെ ദേശീയ തെരഞ്ഞെടുപ്പിനെതിരെയുള്ള കടുത്ത അധിക്ഷേപമായിട്ടാണ് ഈ അട്ടിമറിയെ ഹ്യൂമൻ റൈറ്സ് വാച്ച് വിലയിരുത്തിയത്. സൈന്യം കസ്റ്റഡിയിൽ എടുത്തിരിക്കുന്ന മ്യാൻമറിലെ ആക്ടിവിസ്റ്റുകളുടെയും വിമർശകരുടെയും സുരക്ഷയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് അവർ തന്നെ ഉത്തരവാദികളായിരിക്കും എന്നും ഹ്യൂമൻ റൈറ്സ് വാച്ച് ഓർമിപ്പിച്ചു.

മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011ലാണ് മ്യാന്മറിൽ പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞ നവംബർ എട്ടിന് നടന്നത്. തെരഞ്ഞെടുപ്പിൽ, റോഹിങ്ക്യൻ മുസ്ലിങ്ങൾ ഉൾപ്പെടുന്ന വംശീയ- മത ന്യുനപക്ഷണങ്ങളോട് അവഗണന വെച്ചുപുലർത്തി എന്നാരോപിച്ച് മ്യാന്മറിനെതിരെ അന്താരാഷ്ട്ര മനുഷ്യവക്ഷ സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.