മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറലായി സാറ മുഹമ്മദ്
ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം സംഘടന ആയ എം.സി.ബിയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ ആണ് സാറ
ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം സംഘടന ആയ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടൺ (എം.സി.ബി) യുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് സാറ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. 500'ൽ പരം അഫിലിയേറ്റ് സംഘടനകൽ പ്രവർത്തിച്ചു വരുന്ന എം.സി.ബിയുടെ ഭാരവാഹികൾക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് പൂർത്തിയായിരുന്നു. ഹറൂൻ ഖാന്റെ 4 വർഷത്തെ സേവനത്തിനു പിന്നാലെയാണ് സാറ മുഹമ്മദ് സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇമാമും അധ്യാപകനും മീഡിയ അവതാരകനുമായ അജ്മൽ മസൃറിനെ പിന്തള്ളിയാണ് സാറ തിരഞ്ഞെടുക്കപ്പെട്ടത്.
ഹ്യൂമൻ റൈറ്സ് നിയമത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ സാറ എം.സി.ബിയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ്. അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആയി അവർ മുൻപ് സേവനം അനുഷ്ഠിച്ചിരുന്നു.
എം.സി.ബിയെ ബ്രിട്ടീഷ് മുസ്ലിംകളുടെ സമഗ്രവും വൈവിധ്യപൂര്‍ണവുമായ പ്രതിനിധാനത്തിന് തുടർന്നും ശക്തിപ്പെടുത്തുക എന്നതാവും തന്റെ ലക്ഷ്യം എന്നും, എംസിബിയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു അംഗീകാരമായും കണക്കാക്കുന്നു എന്നും, ഇതു വരും തല മുറയ്ക്ക് ഒരു പ്രചോദനം ആകും എന്നും സാറ പ്രത്യാശിച്ചു.
ഹസൻ ജൗധി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 28 മെമ്പർമാർ അടങ്ങുന്ന നാഷണൽ കൗണ്‍സിലും ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. എംസിബിയുടെ വാർഷിക ജനറൽ മീറ്റിംഗിൽ ആണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.