സേനയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ബൈഡന്
ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന് പ്രതികരിച്ചു.

അമേരിക്കയിലെ സേനയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള വിലക്ക് നീക്കി പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന് പ്രതികരിച്ചു.
വൈവിധ്യമാണ് അമേരിക്കയുടെ കരുത്ത്. ഏത് ലിംഗത്തില്‍ പെട്ടവരാണ് എന്നത് സേനയിലെ സേവനത്തിന് തടസ്സമാകരുതെന്നാണ് പ്രസിഡന്റ് ബൈഡന്റെ നിലപാടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുമെന്ന് ബൈഡന് ഉറപ്പ് നല്‍കിയിരുന്നു.
ഇന്നലെയാണ് വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ബൈഡന് ഒപ്പ് വെച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഒപ്പ് വെച്ചത്. സേനയില്‍ സേവനമനുഷ്ടിക്കാന്‍ സാധിക്കുന്നവര്‍ക്കെല്ലാം അഭിമാനത്തോടെ ചെയ്യാന്‍ കഴിയുമ്പോഴാണ് അമേരിക്ക കൂടുതല്‍ സുരക്ഷിതമാകുന്നതെന്ന് ബൈഡന് വ്യക്തമാക്കി.
ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിന്‍വലിക്കുകയും ട്രാന്‍സ്ജെന്‍ഡറുകളെ സേനയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇതോടെ ദേശസ്നേഹികളായ പലര്‍ക്കും ട്രാന്‍സ്ജെന്‍ഡറാണെന്ന കാര്യം മറച്ചുവെച്ച് സേനയില്‍ തുടരേണ്ടിവന്നെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇനി അവര്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ എന്ന സ്വത്വം മറച്ചുവെക്കാതെ തന്നെ സേവനം ചെയ്യാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.