അതിവേഗ വൈറസ് കൂടുതൽ മാരകമായേക്കാം: ബോറിസ് ജോൺസൺ
''പഴയതിനേക്കാൾ 30 മുതൽ 70 ശതമാനം വരെ വേഗത്തിലാണ് ഈ വൈറസ് പടരുന്നത്''.

യു.കെയിൽ സ്ഥിരീകരിച്ച അതിവേഗ കോവിഡ് കൂടുതൽ മാരകമായേക്കാം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. "ലണ്ടനിലും ബ്രിട്ടന്റെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലുമായി ആദ്യമായി സ്ഥിരീകരിക്കപ്പെട്ട പുതിയ അതിവേഗ കോവിഡ് മരണ നിരക്ക് വലിയ തോതിൽ കൂട്ടാൻ സാധ്യതയുണ്ട്. പഴയതിനേക്കാൾ 30 മുതൽ 70 ശതമാനം വരെ വേഗത്തിലാണ് ഈ വൈറസ് പടരുന്നത്." ബോറിസ് ജോൺസൺ വർത്തസമ്മേളനത്തിൽ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
എന്നാൽ അതിവേഗ കോവിഡ് ബാധിതരുടെ, ഇതുവരെയുള്ള കണക്കുകളെ സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. ഇതുവരെയുള്ള കണക്കുകൾ കൃത്ത്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേശകൻ സർ പാട്ട്രിക്ക് വല്ലൻസും പറയുകയുണ്ടായി.
കഴിഞ്ഞ വർഷം ഡിസംബറിൽ യു.കെയിലാണ് അതിവേഗ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് അമ്പതോളം രാജ്യങ്ങളിലേക്ക് ഇത് പടർന്നു പിടിക്കുകയായിരുന്നു.