LiveTV

Live

International

മാസ്ക് നിർബന്ധമാക്കി, മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീക്കി: ട്രംപിനെ തിരുത്തി ബൈഡന്‍

ട്രംപിന്‍റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആദ്യ ദിനം ഒപ്പിട്ടത് 17 ഉത്തരവുകളില്‍.

മാസ്ക് നിർബന്ധമാക്കി, മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീക്കി: ട്രംപിനെ തിരുത്തി ബൈഡന്‍

ട്രംപിന്‍റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആദ്യ ദിനം ഒപ്പിട്ടത് 17 ഉത്തരവുകളില്‍. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി, പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ തീരുമാനം തിരുത്തി, 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി, ലോകാരോഗ്യസംഘടനയുമായുള്ള സഹകരണം പുനരാരംഭിക്കും, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കുന്നത് വേഗത്തിലാക്കും, യു എസ് മെക്സിക്കോ അതിർത്തിയിലെ മതിൽ നിർമാണം നിർത്തിവെച്ചു, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പങ്കാളിത്തം എന്നിവയടക്കം 17 ഉത്തരവുകളിലാണ് ജോ ബൈഡന്‍ ഒപ്പുവെച്ചിരിക്കുന്നത്.

മുസ്‍ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങള്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി 2017ല്‍ മുന്‍ പ്രസിഡന്‍റ് ട്രംപാണ് വിവാദ ഉത്തരവിറക്കിയത്. ഇതാണ് ബൈഡന്‍ നീക്കിയിരിക്കുന്നത്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതില്‍നിര്‍മാണത്തിന്‍റെ ഫണ്ട് മരവിപ്പിക്കല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോണ്‍ എക്‌സ്എല്‍ പൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റ് ഉത്തരവുകള്‍.

വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.

അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ വിവാദ ഉത്തരവുകള്‍ ജോ ബൈഡന്‍ തിരുത്തിയിരിക്കുന്നത്. പൊതുസ്ഥാപനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമെ, കോവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളും ബൈഡന്‍ സ്വീകരിച്ചു. വാക്‌സിന്‍ വിതരണ ഏകോപനച്ചുമതലയുള്‍പ്പെടെ കോവിഡിനെതിരെ കര്‍മസേന രൂപീകരിക്കുന്നതും ബൈഡന്‍റെ മുന്‍ഗണനയിലുണ്ട്.