''സ്വന്തം ഭൂപ്രദേശത്ത് നിർമാണം നടത്തുന്നത് സ്വാഭാവികം''; അരുണാചലിലെ പുതിയ ഗ്രാമത്തെ കുറിച്ച് ചൈന
''ചൈനയുടെ നിലപാടും നിർമാണവും വളരെ കൃത്യമാണ്. സോ- കോൾഡ് അരുണാചൽ പ്രദേശിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല''

സ്വന്തം ഭൂപ്രദേശത്ത് വികസന- നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വാഭാവികമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അരുണാചൽ പ്രദേശിന്റെ അതിർത്തിയിൽ ചൈന ഗ്രാമം നിർമിക്കുന്നു എന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് ഹുആ ചുൻയിങ്.
''സാങ്നാൻ പ്രവിശ്യയിലെ ചൈനയുടെ നിലപാടും നിർമാണവും വളരെ കൃത്യമാണ്. സോ- കോൾഡ് അരുണാചൽ പ്രദേശിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല.'' ചൈനീസ് വിദേശ കാര്യ വക്താവ് പറഞ്ഞു. സ്വന്തം ഭൂമിയിലാണ് ചൈന നിർമാണം നടത്തുന്നത് എന്നതുകൊണ്ട് അധിക്ഷേപിക്കപ്പെടാൻ ഇതിൽ യാതൊന്നും ഇല്ലായെന്നും അവർ കൂട്ടിച്ചേർത്തു. അവിഭാജ്യ ഘടകമായി ഇന്ത്യ കണക്കാക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ, ചൈന ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ച് ദേശീയമാധ്യമമായ എന്‍.ഡി.ടി.വിയാണ് കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി എന്‍.ഡി.ടി.വി ഉന്നത മന്ത്രാലയങ്ങളെ ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഗ്രാമനിര്മാണത്തെക്കുറിച്ച് കൃത്യമായി പ്രതികരിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല.