'അജ്ഞാത വാസ'ത്തിന് ശേഷം ജാക് മാ തിരിച്ചെത്തി
ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്

ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിനു തുടര്‍ന്ന് ജാക് മായുടെ തിരോധാനത്തെക്കുറിച്ച് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു.
ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഷാങ്ഹായിലെ ഒരുപരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക്ക് മാക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കുനേരെയും അന്വേഷണംനീണ്ടു. അധികൃതര്‍ അദ്ദേഹത്തെ ബെയ്ജിങ്ങിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. പിന്നീട് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍മാരിലൊരാളായ ജാക് മായെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു.