സ്വകാര്യതാ നയം; വാട്സ്ആപ്പ് ഉപേക്ഷിച്ച് തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്റെ മീഡിയാ ഓഫീസ്
സ്വകാര്യതാ നയത്തിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം ശക്തമാണ്

അങ്കാറ: പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതിന് പിന്നാലെ വാട്സ് ആപ്പ് ഉപേക്ഷിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മീഡിയ ഓഫീസ്. തുര്‍ക്കിഷ് വാര്‍ത്താവിനിമയ കമ്പനിയായ തുര്‍ക്ക്സെല്ലിന് കീഴിലുള്ള ബിഐപി വഴി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ കൈമാറുമെന്ന് ഓഫീസ് അറിയിച്ചു.
സ്വകാര്യതാ നയത്തിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം ശക്തമാണ്. ട്വിറ്ററില്‍ ഡിലീറ്റിങ് വാട്സ്ആപ്പ് എന്ന ഹാഷ്ടാഗ് രാജ്യത്ത് ട്രന്‍ഡിങ്ങായിരുന്നു. മീഡിയാ ഓഫീസിന്റെ തീരുമാനത്തിന് പിന്നാലെ ബിഐപിയില്‍ 24 മണിക്കൂറിന് അകം 1.12 ദശലക്ഷം പേരാണ് പുതുതായി ചേര്‍ന്നത്.
സ്വകാര്യതാ നയത്തില്‍ നിന്ന് യുകെയെയും യൂറോപ്യന്‍ യൂണിയനെയും ഒഴിവാക്കിയതിനെ മീഡിയാ ഓഫീസ് മേധാവി അലി താഹ കോക് ചോദ്യം ചെയ്തു. ബിഐപി പോലുള്ള തദ്ദേശ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വിശദീകരണവുമായി വാട്സ്ആപ്പ്
സ്വകാര്യതാ വിവാദത്തില്‍ വിശദീകരണവുമായി വാട്സ്ആപ്പ് രംഗത്തെത്തി. തങ്ങളുടെ പുതുക്കിയ നയങ്ങള്‍ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് കമ്പനിയായ വാട്സ്ആപ്പ് പറഞ്ഞു.
നയങ്ങള്‍ പരിഷ്കരിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വിശദീകരണവുമായി രംഗത്തു വന്നത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.