അക്കാലത്ത് കാര്‍ റിപ്പയര്‍ ചെയ്യാന്‍ പോലും കാശുണ്ടായിരുന്നില്ല; ഇന്ന് ഒന്നാം നമ്പര്‍ കോടീശ്വരന്- ഇത് ഇലോണ്‍ മസ്കിന്റെ ജീവിതം
ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം മസ്കിന്റെ ആസ്തി 195 ബില്യണ്‍ ഡോളറാണ്

കഴിഞ്ഞയാഴ്ചയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. ഒരിക്കല്‍ സ്വന്തം കാര്‍ റിപ്പയര്‍ ചെയ്യാന്‍ പോലും പണമില്ലാതിരുന്ന ഒരാളാണ് ഇപ്പോള്‍ കോടീശ്വര പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് എന്നതാണ് കൗതുകകരം.
പ്രണയ് പതോലെ എന്നയാളാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പും ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചത്. പണമില്ലാത്തതിനാല്‍ സ്വന്തം കാര്‍ റിപ്പയര്‍ ചെയ്യുന്ന ഇലോണ്‍ മസ്ക് എന്ന കുറിപ്പോടെയാണ് പതോലെ മസ്കിന്റെ ചിത്രം പങ്കുവച്ചത്.
ട്വീറ്റിന് കമന്റുമായി മസ്ക് തന്നെ രംഗത്തെത്തി. പൊളിക്കുന്ന കടയില്‍ നിന്ന് 20 ഡോളറിനാണ് താന്‍ കാര്‍ ഗ്ലാസ് വാങ്ങിയത് എന്ന് മസ്ക് ഓര്‍ത്തെടുത്തു. സ്പെയര്‍ പാര്‍ട്സ് കിട്ടുന്ന മികച്ച സ്ഥലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ മസ്കിന്റെ അമ്മ മായെ മസ്കും 1995ല്‍ എടുത്ത ഇതേ ചിത്രം നേരത്തെ പങ്കുവച്ചിരുന്നു. കാറിനെ കുറിച്ച് നിനക്കൊന്നുമറിയില്ല എന്ന് ആളുകള്‍ പറയും എന്നാണ് തമാശ രൂപേണ മായെ കുറിച്ചിരുന്നത്. അന്ന് റിപ്പയര്‍ ജോലിക്ക് പണമുണ്ടായിരുന്നില്ല. കാറിന്റെ ഭാഗങ്ങളെല്ലാം സ്വന്തം നിലയ്ക്ക് ഫിറ്റ് ചെയ്യുകയായിരുന്നു. പൊട്ടിയ സൈഡ് ഗ്ലാസും താന്‍ തന്നെയാണ് ഫിറ്റ് ചെയ്തത്- അമ്മയുടെ ചിത്രത്തിന് ഇലോണ്‍ മറുപടി നല്കി.
ബെസോസിനെ കടത്തി വെട്ടി
ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം മസ്കിന്റെ ആസ്തി 195 ബില്യണ്‍ ഡോളറാണ്. ഏകദേശം 14,23,500 കോടി ഇന്ത്യന്‍ രൂപ.
ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജെഫ് ബെസോസിന്റെ ആസ്തി 185 ബില്യണ്‍ ഡോളറാണ്. 2017 മുതല്‍ ആഗോള സമ്പന്നപ്പട്ടികയില്‍ ഒന്നാമനായിരുന്നു ബെസോസ്.
ഒരു വര്‍ഷത്തിനുള്ളില്‍ മസ്കിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓരോ മണിക്കൂറിലും 17.36 ദശലക്ഷം ഡോളറിന്റെ വളര്‍ച്ചയാണ് മസ്കിനുണ്ടായത്. ഏകദേശം 127 കോടി രൂപ. ആസ്തിയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്.
ആസ്തിയിലെ വര്‍ധനയ്ക്കൊപ്പം ടെസ്ലയുടെ ഓഹരി മൂല്യത്തിലും വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 743 ശതമാനത്തിന്റെ വര്‍ധനയാണ് ഓഹരിയില്‍ ഉണ്ടായത്.
ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ്, ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല എന്നിവയുടെ മേധാവിയാണ് ഇലോണ്‍ മസ്ക്. 2021 മധ്യത്തോടെ ഇന്ത്യയില്‍ കാറുകള്‍ അവതരിപ്പിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
700 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയ്ക്ക് ഉള്ളത്. അതായത് ടൊയോട്ട, ഫോക്സ് വാഗണ്‍, ഹ്യുണ്ടായ്, ഫോര്‍ഡ് എന്നിവയെല്ലാം ചേര്ന്നതിനെക്കാളും മൂല്യമുണ്ടെന്ന് അര്‍ത്ഥം.