ട്രംപിനെ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം പുറത്താക്കാൻ നീക്കം
ഇങ്ങനെ പുറത്തുപോയാൽ ട്രംപിന് മുൻ പ്രസിഡന്റുമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഇനി അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം പുറത്താക്കാൻ നീക്കം. കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിന്റെ പേരിലാണ് നടപടി. പുറത്താക്കാൻ വൈസ് പ്രസിഡന്റ് തയ്യറായില്ലെങ്കിൽ ഇംപീച്മെന്റ് നടപടികളിലേക്ക് കടക്കുമെന്ന് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകി.
ഭരണഘടനയുടെ ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച തന്നെ ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചേക്കും. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നിൽ ട്രംപിന്റെ കരങ്ങളാണെന്നാണ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്.
ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം പ്രസിഡന്റിനെ നീക്കിയാൽ വൈസ് പ്രസിഡന്റാണ് അധികാരത്തിലേറുക. ഇങ്ങനെ പുറത്തുപോയാൽ ട്രംപിന് മുൻ പ്രസിഡന്റുമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഇനി അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.
ഈ നടപടിക്ക് വൈസ് പ്രസിഡന്റ് കൂടി സഹകരിക്കേണ്ടതുണ്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇതിന് കൂട്ടുനിൽക്കുമോ എന്നതാണ് പ്രസക്തമായ കാര്യം. അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കുമെന്ന് സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസി വ്യക്തമാക്കി. ഇംപീച്മെന്റാണെങ്കിൽ അതിനുള്ള നടപടികള്‍ വൈകും. ബൈഡന് സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ശേഷമേ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ തുടങ്ങാൻ സാധ്യതയുള്ളൂ