'ഉയിഗൂര്‍ വനിതകള്‍ ഇനിമുതല്‍ പ്രസവയന്ത്രങ്ങളല്ല'... ചൈനയുടെ 'വിമോചന' പോസ്റ്റ് നീക്കംചെയ്ത് ട്വിറ്റര്‍
ഉയിഗൂര്‍ മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്ന് ചൈന

ഉയിഗൂര്‍ മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്ന് ആക്ഷേപിച്ച് ചൈന. വാഷിങ്ടണിലെ ചൈനീസ് എംബസിയാണ് ഉയിഗൂര്‍ സ്ത്രീകളെ മോശമാക്കിയുള്ള പരാമര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മാനവികതയ്ക്കെതിരായ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ പോസ്റ്റ് നീക്കംചെയ്തു.
ചൈന വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സിന്‍ജിയാങ്ങിലെ ഉയിഗൂര്‍ സ്ത്രീകളുടെ മനസ് മോചിപ്പിക്കപ്പെട്ടുവെന്നും അവരിനി 'കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍' അല്ലെന്നും പറഞ്ഞത്.
ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് ഞങ്ങള്‍ നിരോധിച്ചിരിന്നു, അതിനാലാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് ആര്‍സ് പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് ദിനപത്രമായ ചൈന ഡെയ്ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് ഉയിഗൂര്‍ മുസ്ലിം സ്ത്രീകളെ പരാമര്‍ശിച്ചത്. ഈ ഭാഗം ഷെയര്‍ ചെയ്യുകയായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസി.
ഉയിഗൂര്‍ ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടുകയാണ് ചൈനീസ് ഭരണകൂടം എന്ന വിമര്‍ശം വ്യാപകമാണ്. അതിനാല്‍ സിന്‍ജിയാങ് പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്നും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറഞ്ഞുവെന്നും സ്ഥാപിക്കാനായിരുന്നു പോസ്റ്റിലൂടെ ചൈനയുടെ ശ്രമം.
എന്നാല്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളാണെന്ന പരാമര്‍ശത്തില്‍ ലോക വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഉയിഗൂര്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരെ മുമ്പും ചൈന സ്വീകരിച്ച നടപടികള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ നേതൃത്വത്തില്‍ ഉയിഗൂര്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സിന്‍ജിയാങ് മേഖലയിലടക്കം മോസ്കുകള്‍ പൊളിച്ചുമാറ്റിയതായും തടങ്കല്‍ പാളയങ്ങളുടെ ശൃംഖല തന്നെ നിര്മ്മിക്കുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷമായിരുന്നു ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

2015ല്‍ സിന്‍ജിയാങ് പ്രദേശത്ത് നിലവില്‍ വന്ന ഭീകരവാദ വിരുദ്ധ നിയമവും 2017ലെ തീവ്രവാദ നിയന്ത്രണ നിയമവും ഉയിഗൂറുകളുടെ ജീവിതം കൂടുതല്‍ നരക തുല്യമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം നടപടികള്‍ കാരണം ഉയിഗൂര്‍ ജനനനിരക്കില്‍ 0.6 ശതമാനം ഇടിവാണുണ്ടായത്. അതേസമയം ഹാന്‍ വംശജരുടേത് ഏഴു ശതമാനം വര്‍ധിച്ചു. എന്നാല്‍ ഉയിഗൂര്‍ വിഭാഗത്തെ വേട്ടയാടുകയാണെന്ന വാര്‍ത്ത ചൈനീസ് ഭരണകൂടം പാടെ നിഷേധിക്കുകയാണ്.