ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ അടച്ചുപൂട്ടി. തീരുമാനം സമീപ ദിവസങ്ങളിലെ സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍.

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് നിർത്തലാക്കി ട്വിറ്റർ. സ്ഥിരമായാണ് നിർത്തലാക്കിയതെന്ന് ട്വിറ്റർ അറിയിച്ചു. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതെന്ന് ട്വിറ്റര്‍ അറിയിച്ചു.
നേരത്തെ ഇദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് നിർത്തലാക്കിയിരുന്നു. തുടർന്നും ട്വിറ്റർ നയങ്ങൾ പാലിക്കാതിരുന്നതോടെയാണ് അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്. ട്രംപിന്റെ ഫേസ്ബുക്ക് അക്കൌണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.
യുഎസ് തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് ഡൊണാള്‍ഡ് ട്രംപിന് 'അനിശ്ചിതകാല' വിലക്കേര്‍പ്പെടുത്തിയിരുന്നത്. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
അതിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റുകൾ തയ്യാറായേക്കും. ട്രംപ് ഉടൻ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഇംപീച്ച്മെന്റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് യു എസ് കോണ്‍ഗ്രസ് ആണെന്ന് ജോ ബൈഡന് അറിയിച്ചു. തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു വൈറ്റ് ഹൌസിന്റെ പ്രതികരണം.
ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഈ മാസം ഇരുപതിനാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
ട്രംപിന്റെ തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച് അനുയായികള്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ഹില്ലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ നാലു പേരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെ ആയിരുന്നു രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ആക്രമണം. സംഭവത്തിന് പിന്നാലെ തലസ്ഥാനമായ വാഷിങ്ടണില്‍ പതിനഞ്ചു ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.