കോവിഡ് ഭീതി; യാത്രയ്ക്കായി വിമാനം മുഴുവന്‍ ബുക്ക് ചെയ്ത് വ്യവസായി
നേരത്തയും വിചിത്ര തീരുമാനങ്ങള്‍ കൊണ്ട് രാജ്യത്തെ ഞെട്ടിച്ചയാളാണ് റിച്ചാര്‍ഡ്

ലണ്ടന്‍: കോവിഡ് വൈറസ് ബാധ ഭയന്ന് പരമാവധി പൊതുവാഹനങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരാണ് മിക്കവരും. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ഭരണകൂടങ്ങള്‍ ആദ്യം പ്രഖ്യാപിച്ചതും യാത്രാ നിയന്ത്രണങ്ങളാണ്. കര-വ്യോമ അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണമാണ് ഉണ്ടായിരുന്നത്.
പിന്നീട് സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്രകള്‍ അനുവദിക്കപ്പെട്ടു. ഫേസ്ഷീല്‍ഡ്, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി. എല്ലായ്പ്പോഴും മുന്‍കരുതലുകള്‍ വേണമെന്ന് ഭരണകൂടങ്ങള്‍ നിരന്തരം ഓര്പ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇപ്പോഴിതാ കോവിഡ് ഭീതിയെ തുടര്‍ന്ന് ഒരു വിമാനം മുഴുവന്‍ ബുക്കു ചെയ്തിരിക്കുകയാണ് ഇന്തൊനേഷ്യയിലെ ഒരു വ്യവസായി. തനിക്കും ഭാര്യയ്ക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായിരുന്നു ഇയാള്‍ വിമാനത്തിലെ സീറ്റുകള്‍ മുഴുവന്‍ ബുക്കു ചെയ്തത്.
ജക്കാര്‍ത്തയിലെ റിച്ചാര്‍ഡ് മുല്ജാഡി എന്നയാളാണ് ഭാര്യ ഷാല്വിന് ചാങ്ങിന് ഒപ്പം ഒറ്റയ്ക്ക് ജക്കാര്‍ത്തയില്‍ നിന്ന് ബാലിയിലേക്ക് പറന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

വിമാനം ചാര്‍ട്ട് ചെയ്യുന്നതിനായി എത്ര പണം മുടക്കി എന്ന് വെളിപ്പെടുത്താന്‍ റിച്ചാര്‍ഡ് തയ്യാറായില്ല. ഏകദേശം 7,895 യുഎസ് ഡോളര്‍ ഇതിനായി ചെലവു വരും എന്നാണ് കണക്കാക്കപ്പെടുന്നത്.
നേരത്തയും വിചിത്ര തീരുമാനങ്ങള്‍ കൊണ്ട് രാജ്യത്തെ ഞെട്ടിച്ചയാളാണ് റിച്ചാര്‍ഡ്. തന്റെ വളര്‍ത്തു നായയുടെ ജന്മദിനത്തില് നേരത്തെ ഇയാള്‍ കാര്‍ സമ്മാനിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.