യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയും; വീഡിയോ വൈറലാകുന്നു
റാലിക്കിടെ എടുത്ത വീഡിയോയിലാണ് അജ്ഞാതന്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നതായി കാണിക്കുന്നത്

യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാകയും. ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ റാലിക്കിടെ എടുത്ത വീഡിയോയിലാണ് അജ്ഞാതന്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നതായി കാണിക്കുന്നത്. അമേരിക്കന്‍ പതാകയും ട്രംപിന്റെ നീല പതാകയും ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ട്രംപിന്റെ വിജയത്തിനായി ഡൽഹിയില്‍ ചില വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രത്യേക പൂജ നടത്തിയിരുന്നു. അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളാകാമെന്ന സംശയം ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെതിരെ ബി.ജെ.പി, എം.പി വരുണ്‍ ഗാന്ധിയും രംഗത്തെത്തി.'എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക? ഇത് തീര്‍ച്ചയായും നമുക്ക് പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണ് ...' അദ്ദേഹം കുറിച്ചു.
ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായിരുന്നു. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ ഓഫീസുകള്‍ക്കുള്ളില്‍ കയറി മേശകളും ജനാലകളും തകര്‍ത്തു. സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച് കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി.
അക്രമത്തില്‍ ട്രംപിനെതിരെ ലോക വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഫേസ്ബുക്, ട്വിറ്റര്‍ മരവിപ്പിച്ചു.

അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ലെന്ന് മോദി പറഞ്ഞു. പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കുറ്റപ്പെടുത്തി.