ഫൈസര്‍ വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു; ആശങ്ക
ഇവര്‍ക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ ഫൈസര്‍ കോവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്സാണ് വാക്സിന് ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം പെട്ടെന്ന് മരണത്തിന് കീഴടങ്ങിയത്. പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. മരണകാരണം വാക്സിന് സ്വീകരിച്ചതു തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.
ഇവര്‍ക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സോണിയയുടെ പിതാവ് അബിലിയോ അസെവെഡോ പോര്‍ച്ചുഗീസ് പത്രമായ കൊറിയോ ഡാ മന്ഹയോട് പറഞ്ഞു.
'മകള്‍ കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അനന്തരഫലങ്ങള്‍ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല. എന്തു സംഭവിച്ചുവെന്ന് അറിയില്ല. എനിക്ക് ഉത്തരം വേണം. മകളുടെ മരണത്തിലേക്ക് നയിച്ച കാരണം എന്താണ് എന്നറിയണം'അബിലിയോ അസെവെഡോ
ഡിസംബര്‍ മുപ്പതിനാണ് ഇവര്‍ കോവിഡിനെതിരെ വാക്സിന് സ്വീകരിച്ചത്. സോണിയയ്ക്ക് വാക്സിന് സ്വീകരിച്ച ശേഷമുള്ള 'അസുഖങ്ങള്‍' ഒന്നുമുണ്ടായിരുന്നില്ലെന്ന് സഹജീവനക്കാര്‍ പറയുന്നു. വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ഇവര്‍ ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുകയും പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പോര്‍ച്ചുഗലില്‍ നാലേകാല്‍ ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 7118 പേര് കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങി. ക്രിസ്മസിന് ശേഷം രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.