പ്രസിഡന്റാവാന്‍ അവസാന അടവുമായി ട്രംപ്; ശബ്ദരേഖ പുറത്ത്
ട്രംപ് നടത്തിയത് ജനാധിപത്യത്തിന്റെ നിഷേധമാണെന്നും സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആരോപിച്ചു.

പുതിയ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്പിക്കാന് ആവശ്യമായ വോട്ട് എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് ഡൊണാൾഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകൾ പുറത്തായി. ജോർജിയയിലെ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർഗറിനെ ഫോണിൽ വിളിച്ച് തനിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ട്രംപ് നടത്തിയത് ജനാധിപത്യത്തിന്റെ നിഷേധമാണെന്നും സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആരോപിച്ചു.
തനിക്കനുകൂലമായി വോട്ടുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥർ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. വാഷിങ്ടൺ പോസ്റ്റ് ആണ് വിവാദ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.
ബുധനാഴ്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ, ബൈഡനു വിജയം നൽകിയ നിർണായക സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകളെ എതിർക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടിയിലെ 11 സെനറ്റർമാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും വ്യക്തമാക്കി. ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറൽ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഈ സമ്മേളനത്തിലാണ്.