ഫൈസര്‍ വാക്സിന് പിന്നിലെ ആ ദമ്പതികള്‍ ഇവരാണ്...
അവരുടെ വിവാഹദിനത്തിൽ പോലും ഇരുവരും ലാബ് ജോലികൾക്കായി സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ടുറെസി ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു

കോവിഡ് 19 മഹാമാരി ലോകത്തെത്തന്നെ ചെന്നൈത്തിച്ച അനിശ്ചിതത്വത്തിന് ഇന്നും അറുതിയായിട്ടില്ല. ദിനംപ്രതി പുറത്ത് വരുന്ന വാക്സിന് വാര്‍ത്തകള്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫൈസര്‍ വാക്സിനാണ്. ഈ വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ലോകം ഇന്ന് അഭിമാനത്തോടെ പറയുകയാണ്. ഫൈസറിനൊപ്പം പ്രവർത്തിച്ചത് ബയോ എൻടെക്ക് എന്ന ജർമ്മൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഉഗുർ സാഹിനും ഭാര്യയും സഹ ബോർഡ് അംഗവുമായ ഓസ്ലെം ടുറെസിയുമാണവർ.
കൊളോണിലെ ഒരു ഫോർഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തുർക്കി കുടിയേറ്റക്കാരന്റെ മകനാണ് ഗുർ സാഹിൻ. 100 ധനികരായ ജർമ്മൻകാരിൽ ഒരാളായി ഇദ്ദേഹം അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഇവരുടെ കമ്പനി വലിയ പങ്കുവഹിച്ചു.
"ഏറ്റവും ഉയർന്ന നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം അവിശ്വസനീയമാംവിധം എളിമയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുന്നയാളാണ്." കമ്പനി ബോർഡ് അംഗം കൂടിയായ മത്തിയാസ് ക്രൊമയെർ ഗുർ സാഹിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 2008ലാണ് ബയോ എൻടെക്ക് ആരംഭിക്കുന്നത്. ജീൻസ് ധരിച്ച് സൈക്കിളിൽ ബാക്ക്പാക്കും വഹിച്ചുകൊണ്ട് സാഹിൻ ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യശാസ്ത്രം പഠിക്കാനും ഡോക്ടറാകാനുമുള്ള തന്റെ ബാല്യകാല സ്വപ്നം പിന്തുടർന്ന് സാഹിൻ കൊളോണിലെയും തെക്കുപടിഞ്ഞാറൻ നഗരമായ ഹോംബർഗിലെയും ആശുപത്രികളിൽ അധ്യാപക ജോലി ചെയ്തു. മെഡിക്കൽ ഗവേഷണവും ഗൈനക്കോളജിയും അദ്ദേഹത്തിന്റെ ഇഷ്ട മേഖലകളാണ്. ജർമ്മനിയിലേക്ക് കുടിയേറിയ ഒരു തുർക്കി ഡോക്ടറുടെ മകളാണ് ടുറെസി. അവരുടെ വിവാഹദിനത്തിൽ പോലും ഇരുവരും ലാബ് ജോലികൾക്കായി സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ടുറെസി ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു.
ക്യാൻസറിനെതിരായ പ്രതിരോധ മരുന്ന് കണ്ടെത്താൻ വലിയതോതിലുള്ള ഗവേഷണങ്ങൾ ഇരുവരും ചേർന്ന് നടത്തിയിട്ടുണ്ട്. ഓരോ ട്യൂമറിന്റെയും തനതായ ജനിതക പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നു ഇത്. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വികസിപ്പിക്കുന്നതിനായി ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച ഇവർ 2001ൽ സംരംഭകരായി ജീവിതം ആരംഭിച്ചു. പക്ഷെ, അക്കാലത്ത് മെയിൻസ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന സാഹിൻ ഒരിക്കലും അക്കാദമിക് ഗവേഷണവും അധ്യാപനവും ഉപേക്ഷിച്ചില്ല. ഏതായാലും ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ദമ്പതികൾ നടത്തിയത്.
കൊറോണ വൈറസ് വാക്സിനിലെ വലിയ തോതിലുള്ള ക്ലിനിക്കൽ ട്രയലിൽ നിന്ന് വിജയകരമായ ഡാറ്റ കാണിക്കുന്ന ആദ്യത്തെ മരുന്ന് നിർമ്മാതാക്കളാണ് ഫൈസറും ബയോ എൻടെക്കും. ഇതുവരെ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ മാസം അവസാനം യുഎസ് അടിയന്തര ഉപയോഗ അംഗീകാരം തേടുമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.