പക്ഷികളുടെ കൂട്ടക്കൊലയില്‍ കലാശിച്ച പുതുവത്സരാഘോഷം
റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം ജീവനില്ലാത്ത പക്ഷികള്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ റോമിൽ പക്ഷികൾ കൂട്ടത്തോടെ ചത്തനിലയില്‍. റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം ജീവനില്ലാത്ത പക്ഷികള്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പക്ഷികളുടെ കൂട്ടക്കൊലയാണ് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായതെന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. എന്നാൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതാണ് കാരണമെന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് പേടിച്ച് പറക്കുന്നതിനിടെ കൂട്ടിമുട്ടിയോ വൈദ്യുത ലൈനില്‍ തട്ടിയോ ഒക്കെയാവാം പക്ഷികള്‍ കൂട്ടത്തോടെ ചത്തതെന്ന് ലൊറെഡാന ഡിഗ്ലിയോ എന്ന മൃഗാവകാശ പ്രവര്‍ത്തക പറഞ്ഞു.
പടക്കങ്ങൾ പൊട്ടിക്കുന്നത് മൃങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണ്. പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് ഒഐപിഎ എന്ന സംഘടന ആവശ്യപ്പെട്ടു.