ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന; ബില്ലിന് അനുമതി നല്‍കിയത് 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം
ബില്ലിന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അനുമതി നല്കി.

ബ്യൂണസ് ഐറിസ്: മാരണത്തണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭമാണ് അലസിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കിയത്. മാനഭംഗം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലും ഗര്‍ഭം അലസിപ്പിക്കാം.
ബില്ലിന് അനുകൂലമായി 38 പേരാണ് വോട്ടു ചെയ്തത്. 29 പേര് എതിര്‍ത്തു. ബില്ലിന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അനുമതി നല്കി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് നേരത്തെ തന്നെ ബില്ലിന് അനുമതി നല്‍കിയിരുന്നു.
ലാറ്റിന്‍ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്ന ആദ്യത്തെ വലിയ രാഷ്ട്രമാണ് അര്‍ജന്റീന. 2018ലും സമാന ബില്‍ അര്‍ജന്റീനന്‍ സെനറ്റില്‍ അവതരിപ്പിക്കപ്പെട്ടു എങ്കിലും പാസാക്കാനായിരുന്നില്ല.
കാത്തലിക് ചര്‍ച്ചിന് വലിയ സ്വാധീനമുള്ള രാഷ്ട്രത്തില്‍ ബില്‍ പാസാകുമോ എന്ന് ലോകം ഉറ്റുനോക്കിയിരുന്നു. സെനറ്റിന്റെ നീക്കത്തില്‍ ചര്‍ച്ച് എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനം നിറവേറ്റിയതായി പ്രസിഡണ്ട് ഫെര്‍ണാണ്ടസ് പ്രതികരിച്ചു. ''ഞാന്‍ കത്തോലിക്കനാണ്. എന്നാല്‍ എല്ലാവര്ക്കും വേണ്ടി നിയമം ഉണ്ടാക്കാന്‍ അവകാശമുണ്ട്' - അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ചരിത്രമുണ്ടാക്കി എന്നാണ് മന്ത്രിസഭയിലെ വനിതാംഗമായ എലിസബത്ത് ഗോമസ് അല്‍കോര്‍ട്ട പ്രതികരിച്ചത്.
ലാറ്റിനമേരിക്കയില്‍ എല്‍ സാല്‍വദോര്‍, നിക്കരാഗ്വെ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാഷ്ട്രങ്ങളില്‍ ഗര്‍ഭച്ഛിദ്രം സമ്പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഉറുഗ്വെ, ക്യൂബ, ഗയാന, മെക്സിക്കോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അനുവദനീയമാണ്.