ആഴ്ചകൾക്ക് ശേഷം ബൈഡന്റെ വിജയത്തിൽ അഭിനന്ദനവുമായി പുടിൻ
യു.എസ്സിലെ രാഷ്ട്രീയ കൊമ്പുകോർക്കൽ അവസാനിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് പുടിൻ പറഞ്ഞിരുന്നു.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയപ്രഖ്യാപനത്തിന് ആഴ്ചകൾ പിന്നിടുമ്പോൾ അഭിനന്ദനവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ നിയമപരമായി ചോദ്യം ചെയ്ത സാഹചര്യത്തിൽ ബൈഡനെ അഭിനന്ദിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു പുടിൻ. യു.എസ്സിലെ രാഷ്ട്രീയ കൊമ്പുകോർക്കൽ അവസാനിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് പുടിൻ പറഞ്ഞിരുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നാണ് പുടിൻ ബൈഡനയച്ച സന്ദേശത്തിൽ പറഞ്ഞത്.
എന്നാൽ പുടിൻ ആശംസ അറിയിക്കാൻ വൈകിയത്, വൈറ്റ് ഹൗസും റഷ്യയും തമ്മിൽ ഇടഞ്ഞേക്കാം എന്നതിന്റെ സൂചനയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ട്രംപിനുള്ളതിനേക്കാൾ വലിയ തോതിൽ റഷ്യൻ വിരുദ്ധ മനോഭാവം വെച്ച് പുലർത്തുന്നയാളാണ് ബൈഡൻ എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.