കോവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചുപൂട്ടി
ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ മാസം അവസാനം വരെയാണ് സ്കൂളുകള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
ദക്ഷിണകൊറിയയില്‍ മൂന്നാംഘട്ട കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് സ്കൂളുകള്‍ അടച്ചുപൂട്ടിയത്. പ്രാദേശിക സര്‍ക്കാരുകളുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് സിയേ ക്യുന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 718 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കൊറിയ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി. പുതിയ കേസുകള്‍ ഭൂരിഭാഗവും സിയോള്‍, ഇഞ്ചിയോണ്‍, ജിയോങ്കി പ്രവിശ്യകളെയാണ് ബാധിച്ചത്. 25 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്.
ദക്ഷിണ കൊറിയയില്‍ ഇതുവരെ 43,484 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 587 പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായ പൊലീസും ഉദ്യോഗസ്ഥരുമടങ്ങുന്ന നൂറ് കണക്കിന് സംഘങ്ങളെ രൂപീകരിച്ച് രംഗത്തിറക്കിയിട്ടുണ്ട്.