LiveTV

Live

International

തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ ചൈന നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

എല്ലാ വെള്ളിയാഴ്ചയും അവർ ഞങ്ങളെ പന്നിമാംസം കഴിക്കാൻ നിർബന്ധിച്ചു. മുസ്‍ലിംകൾക്ക് വിശുദ്ധമായ ആ ദിവസം അവർ മനഃപൂർവം തെരഞ്ഞെടുക്കുകയായിരുന്നു.കഴിക്കാൻ വിസമ്മതിച്ചാൽ ക്രൂരമായ ശിക്ഷകൾ നടപ്പാക്കുമായിരുന്നു.

തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ ചൈന നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

ചൈനയിലെ സ്കിൻജിയാങിൽ ഫാമുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ. ഉയിഗൂറുകൾക്ക് വേണ്ടി ചൈന നടത്തുന്ന പുനർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്ന് മോചനം നേടിയ സായ്രാഗുൽ സൗത്ബേ, അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചത്. സ്വീഡനിൽ ഡോക്ടറും അധ്യാപികയുമായി സേവനമനുഷ്‌ടിക്കുന്ന സൗത്ബേ താൻ അനുഭവിച്ചതും തനിക്ക് സാക്ഷിയാകേണ്ടിവന്നതുമായ പീഡനങ്ങൾ വിവരിച്ച് ഈയടുത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. തടങ്കൽ പാളയങ്ങളിൽ നടക്കുന്ന ക്രുരമായ മർദ്ദനങ്ങൾക്കും,ലൈംഗികാതിക്രമണങ്ങൾക്കും, നിർബന്ധിത വന്ധ്യംകരണത്തിനും താൻ സാക്ഷിയായിട്ടുണ്ടെന്ന് പുസ്തകത്തിൽ സൗത്ബേ വെളിപ്പെടുത്തുന്നുണ്ട്.

തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ ചൈന നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

"എല്ലാ വെള്ളിയാഴ്ചയും അവർ ഞങ്ങളെ പന്നിമാംസം കഴിക്കാൻ നിർബന്ധിച്ചു. വെള്ളിയാഴ്ച മുസ്‍ലിംകൾക്ക് വിശുദ്ധമായ ദിനമാണെന്നതുകൊണ്ട് ആ ദിവസം അവർ മനഃപൂർവം തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാൻ വിസമ്മതിച്ചാൽ വളരെ ക്രുരമായ ശിക്ഷകൾ നടാപ്പാക്കുമായിരുന്നു." സൗത്ബേ പറയുന്നു. ''ഞാൻ മറ്റൊരാളായത് പോലെയാണ് എനിക്കനുഭവപ്പെട്ടത്. എനിക്ക് ചുറ്റും ആകെ ഇരുട്ടായിരുന്നു. ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരുന്നു.'' അവർ കൂട്ടിച്ചേർക്കുന്നു.

2016ൽ സൗത്ബേയുടെ ഭർത്താവും മക്കളും അയൽനാടായ കസാക്കിസ്ഥാനിലേക്ക് പോയെന്ന് അറിഞ്ഞ ചൈനീസ് അധികൃതർ അവരെ അറസ്റ്റ് ചെയ്ത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. സൗത്ബേയുടെ പാസ്പോർട്ട് കണ്ടുകെട്ടിയ ശേഷം, തടങ്കലിൽ കഴിയുന്ന മറ്റുള്ളവർക്ക് ചൈനീസ് ഭാഷ പഠിപ്പിക്കുവാൻ വേണ്ടി അവരെ നിയമിച്ചു. ഇത് ക്യാമ്പിലെ ഉയ്ഗൂർ ജീവിതങ്ങളെ കൂടുതൽ അടുത്തറിയാൻ അവരെ സഹായിച്ചു. ഉത്തര സ്കിൻജിയാങിലെ സ്കൂളുകളിൽ കുട്ടികളെ നിർബന്ധിച്ച് പന്നിമാംസം കഴിപ്പിക്കുന്ന നടപടികൾ ഗവൺമെന്റിന്റെ ഭാഗത്ത്നിന്ന് ഉണ്ടായതായി സൗത്ബേ പറയുന്നു.''കിന്റർഗാർഡനിലെ കുട്ടികൾക്ക് ഫ്രീ ഫുഡ് ആയി കൊടുക്കുന്നതും പന്നിമാംസമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം'' അവർ പറയുന്നു.

തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ ചൈന നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

പന്നികളുടെ വർഷമായി ആഘോഷിക്കപ്പെടുന്ന, ചൈനീസ് ചന്ദ്ര വർഷത്തിന്റെ പുതുവത്സരത്തിൽ കഴിഞ്ഞ തവണ സ്കിൻജിയാങിലെ ഇലിയിലെ മുസ്‍ലിം കുടുംബങ്ങളിൽ ഔദ്യോഗികമായി പന്നിമാംസ്സം വിതരണം ചെയ്യുകയും, ആഘോഷത്തിൽ നിർബന്ധപൂർവ്വം അവരെ പങ്കെടുപ്പിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സൗത്ബേയെപ്പോലെ നേരിട്ടുതന്നെ ഡിറ്റെൻഷൻ ക്യാമ്പിലെ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നയാളാണ് ഉയ്ഗുറിലെ കച്ചവടക്കാരിയായിരുന്ന സുമ്മ്രെ ദാവ്ത്. 2018 ലാണ് അവരെ ജന്മസ്ഥലമായ ഉറുംകിയിൽ നിന്ന് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോകുന്നത്. പാകിസ്ഥാനിയായ തന്റെ ഭർത്താവിനെയും മക്കളെയും കുറിച്ച് നിരന്തരം വിശദീകരണം ചോദിച്ചുകൊണ്ടിരിക്കുകയും, പലപ്രാവശ്യം മർദ്ധിക്കപ്പെടുകയും ചെയ്തുവെന്ന് സുമ്മ്രെ ദാവുത് പറയുന്നു. പന്നിമാംസം കഴിക്കാൻ നിർബന്ധിക്കപ്പെട്ടത്തിന്റെ ദുരനുഭവനകളും അവരുടെ വാക്കുകളിൽ നിറയുന്നുണ്ട്. ''തടങ്കലിൽ കഴിയുമ്പോൾ നിങ്ങൾക്ക് അവർ തരുന്ന പന്നിമാംസ്സം കഴിക്കണമോ വേണ്ടയോ എന്ന് തീരുമാനം എടുക്കാനാവില്ല. ജീവനോടെ ഇരിക്കണമെങ്കിൽ അത് കഴിക്കുക എന്നതുമാത്രമാകും നിങ്ങൾക്ക് മുന്നിലുള്ള വഴി.'' സുമ്മ്രെ ദാവുത്, തടങ്കലിൽ കഴിഞ്ഞ മറ്റ് പല സ്ത്രീകളെയും പോലെ ചൈനയുടെ ക്രൂരമായ നിർബന്ധിത വന്ധ്യംകരണത്തിന്റ കൂടി ഇരയാണ്.

സുമ്മ്രെ ദാവുത്
സുമ്മ്രെ ദാവുത്

ഭൂരിഭാഗവും മുസ്ലിം മതക്കാരുൾപ്പെട്ട ചൈനയിലെ വംശീയ ന്യുനപക്ഷമായ ഉയിഗൂറുകളെ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി സ്കിൻജിയാങിലെ ഗവൺമെന്റിന്റെ കോൺസെൻട്രേഷൻ ക്യാമ്പുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. മതവർഗീയത തടയുകയെന്ന ലക്ഷ്യവുമായി നടത്തുന്ന പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണിതെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ ഭാഷ്യം. കാർഷിക വികസനമെന്ന പേരിൽ സ്കിൻജിയാങിൽ ചൈന നടപ്പിലാക്കിയ പന്നി ഫാമുകളുടെ വിപുലീകരണ നയം യഥാർത്ഥത്തിൽ മതന്യുനപക്ഷങ്ങളെ വേട്ടയാടാൻ ലക്‌ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് ഇരകളുടെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

തടങ്കൽ പാളയങ്ങളിൽ വച്ച് ഉയ്ഗൂറുകളെ പന്നിമാംസം കഴിക്കാൻ ചൈന നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

സ്കിൻജിയാങിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് നിഷിദ്ധമാക്കപ്പട്ട ഭക്ഷണസാധനങ്ങൾ നോർമലൈസ് ചെയ്യാനുള്ള അജണ്ടയാണ് ചൈനീസ് ഗവണ്മെന്റിന്റേത് എന്ന് തുർക്കി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉയ്ഗൂർ റൈറ്റ്സ് ആക്ടിവിസ്റ്റും, ഉയ്ഗൂർ റിവൈവൽ അസോസിയേഷൻ സെക്രട്ടറി ജനറലുമായ അർസ്ലാൻ ഹിദായത് പറയുന്നു. വർഗീയത തടയുകയാണ് ചൈനയോട് ഉദ്ദേശ്യമെങ്കിൽ, ഹാൻ ചൈനീസുകളെ പോലെ സാധാരണ ജീവിതം ആഗ്രഹിക്കുന്ന ഉയ്ഗുറുളെപ്പോലും വെറുതെ വിടാത്തതെന്താണെന്നും ഹിദായത് ചോദിക്കുന്നു. വംശാടിസ്ഥാനത്തിലാണ് ചൈനയുടെ ഉയ്ഗുർ വിരുദ്ധ നടപടികളെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം പ്രോത്സാഹിപ്പിക്കുക എന്ന പേരിൽ ഇസ്‍ലാം മതത്തെ ഇല്ലാതാക്കാൻ ലക്‌ഷ്യം വെച്ച് ചൈനയിലെ ഉറുംകയിൽ ''ആന്റി ഹലാൽ ക്യാമ്പയിൻ'' നടക്കുന്നതായി 2018ൽ റൂയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു. സൗത്ബേയും ദാവുത്തും നടത്തിയ വെളിപ്പെടുത്തലുകൾ ചൈനീസ് ഗവൺമെന്റിനെതിരെ നിരവധി ചോദ്യങ്ങൾ പത്രമാധ്യമങ്ങൾ വഴി ഉയർത്തിയെങ്കിലും കാര്യമായ പ്രതികരണങ്ങളൊന്നും ചൈനീസ് ഔദ്യോഗിക വൃത്തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ, ക്യാമ്പിൽ കഴിയുന്ന ഉയിഗൂറുകളുടെ ശബ്ദമാകാൻ തങ്ങൾക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇരുവരും. ''കോൺസെൻട്രേഷൻ ക്യാമ്പിലെ എന്റെ അനുഭവങ്ങൾ ഒരിക്കലും എന്റെ ഓർമയിൽ നിന്ന് മാഞ്ഞുപോകില്ല. ഈ ജീവിതം മുഴുവൻ ഞാനതുമായി ജീവിക്കേണ്ടി വരും'' സൗത്ബേ പറയുന്നു.