ചൈന ലോകഭീഷണിയെന്ന് യു.എസ്; നുണയുടെ കൂമ്പാരമാണ് അമേരിക്കയെന്ന് ചൈനയുടെ മറുപടി
യു.എസ് സർക്കാരിൻറെ അടുക്കളയിൽ പാചകം ചെയ്യുന്നത് നുണകളുടെ കൂമ്പാരം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണിയാണ് ചൈനയെന്ന യു.എസ് ആരോപണത്തിന് മറുപടിയുമായി ചൈന. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ ജോൺ റാറ്റ്ക്ലിഫിൻറെ ആരോപണത്തിനാണ് ചൈന മറുപടിയുമായി രംഗത്ത് എത്തിയത്.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ഇന്ന് അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്, അമേരിക്കക്ക് മാത്രമല്ല, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയുമായി ചൈന ഇന്ന് മാറി, ചൈനയുടെ ആത്യന്തികമായ ലക്ഷ്യം ലോകത്തിൻറെ അധികാരം സൈനികപരമായും സാങ്കേതികപരമായും കയ്യടക്കുക എന്നതുമാത്രമാണ്. ഇപ്പോൾ വളർന്നുവരുന്ന ബീജിംഗിൻറെ ദുഷിച്ച സ്വാധീനം ഇല്ലാതാക്കാൻ സമഗ്രമായ നയമാണ് അമേരിക്കയ്ക്ക് വേണ്ടത്. ഒരു അമേരിക്കൻ മാധ്യമത്തിലെഴുതിയ ലേഖനത്തിലായിരുന്നു യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ ആരോപണം.
എന്നാൽ യു.എസിൻറെ ആരോപണത്തിൽ തക്ക മറുപടിയുമായാണ് ചൈനയുടെ വിദേശകാര്യ വക്താവ് രംഗത്തെത്തിയത്. ചൈനയെ അപകീർത്തിപ്പെടുത്തുന്നതിനായി നുണകളും കിംവദന്തികളും ആവർത്തിക്കുന്നതാണ് അമേരിക്കയുടെ ജോലിയെന്നും, യു.എസ് സർക്കാരിൻറെ അടുക്കളയിൽ പാചകം ചെയ്യുന്നത് നുണകളുടെ കൂമ്പാരം മാത്രമാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് പറഞ്ഞത്.