LiveTV

Live

International

ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും; ചരിത്രത്തിലാദ്യമായി അമേരിക്കൻ പ്രസിഡന്റിന്റെ മാധ്യമ സംഘത്തെ സ്ത്രീകൾ നയിക്കും

ആദ്യമായാണ് വൈറ്റ്ഹൗസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലപ്പത്ത് സ്ത്രീകൾ മാത്രമുള്ള ഒരു സംഘം അധികാരത്തിലേറുന്നത്.അമേരിക്കൻ ജനതയെ വൈറ്റ്ഹൗസുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകമാണ് അതിന്റെ മാധ്യമ വിഭാഗം.

ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും; ചരിത്രത്തിലാദ്യമായി അമേരിക്കൻ പ്രസിഡന്റിന്റെ മാധ്യമ സംഘത്തെ സ്ത്രീകൾ നയിക്കും

മുൻ അമേരിക്കൻ സ്റ്റേറ്റ് വിഭാഗം വക്താവ് ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിലവിലെ പ്രഖ്യാപനമനുസരിച്ച് ജനുവരിയിൽ അധികാരമേൽക്കുന്ന ഗവൺമെന്റിന്റെ വാർത്താ വിനിമയ വിഭാഗം സ്ത്രീകളാകും നയിക്കുക. തെരഞ്ഞെടുപ്പിൽ ബൈഡൻ- ഹാരിസ് ക്യാമ്പയിന്റെ മാനേജറായിരുന്ന കേറ്റ് ബെഡിങ് ഫീൽഡ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്റ്ററാകും. കാരിൻ ജീൻ പിയർ വൈറ്റ് ഹൗസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയും സൈമൺ സാൻഡേർസ് വൈസ് പ്രസിഡന്റിന്റെ മുഖ്യ ഉപദേശകയും വക്താവുമാകും.

ചരിത്രത്തിലാദ്യമായാണ് വൈറ്റ് ഹൗസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലപ്പത്ത് സ്ത്രീകൾ മാത്രമുള്ള ഒരു സംഘം അധികാരത്തിലേറുന്നത്. അമേരിക്കൻ ജനതയെ വൈറ്റ് ഹൗസുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഘടകമാണ് അതിന്റെ വാർത്താവിനിമയ വിഭാഗം. അതിന്റെ കൃത്യമായ പ്രവർത്തനം ഉറപ്പുവരുത്തുക എന്നത് പ്രസിഡന്റിന്റെ മുഖ്യ ചുമതലകളിലൊന്നാണ്''. വളരെ അഭിമാനത്തോടെയാണ് ഞാനിന്ന് കമ്മ്യൂണിക്കേഷൻ വിഭാഗത്തെ നയിക്കാൻ പോകുന്ന സ്ത്രീകൾ മാത്രമടങ്ങുന്ന ആദ്യ സംഘത്തെ പ്രഖ്യാപിക്കുന്നത്. വളരെയധികം മികച്ച അനുഭവസമ്പത്തുള്ള ഇവരുടെ വ്യത്യസ്തമായ വീക്ഷണങ്ങളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും രാജ്യത്തിന്റെ മികച്ച ദിനങ്ങളെ തിരികെ പിടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം'' ബൈഡൻ പറഞ്ഞു.

''കോവിഡ് പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, ഇന്നും നിലനിൽക്കുന്ന വംശീയ അനീതികൾ തുടങ്ങി നിരവധി വെല്ലുവിളികളാണ് നമ്മൾ നേരിടുന്നത്. ഇതിനെ തരണം ചെയ്യാൻ വളരെ കൃത്യവും വിശ്വാസ്യതയുള്ളതുമായ ബന്ധം അമേരിക്കൻ ജനതയുമായി നിർമിച്ചെടുക്കുക അനിവാര്യമാണ്. ഏറെ അനുഭവസമ്പത്തുള്ള, ഏത് തടസ്സങ്ങളെയും മറികടക്കാൻ കഴിവുള്ള ഈ സംഘത്തിന് ഇതിന് സാധിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.'' നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ഞങ്ങൾക്ക് വൈറ്റ് ഹൗസിനോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നിടത്ത് ഈ വനിതാ സംഘം വിജയിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.