LiveTV

Live

International

പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് വാക്സിന്‍; മികച്ച പ്രതിരോധ ശേഷി കൈവരിക്കുന്നതായി പഠനം

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വൈറസിനെതിരെ അതിശക്തമായ പ്രതിരോധ ശേഷിയും സൃഷ്ടിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി

പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് വാക്സിന്‍;  മികച്ച പ്രതിരോധ ശേഷി കൈവരിക്കുന്നതായി പഠനം

ലോകത്തെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഗവേഷകര്‍. വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയില്‍ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോര്‍ഡിന്‍റേത്. ഇടക്ക് നിരാശജനകമായ വാര്‍ത്തകളുണ്ടായെങ്കിലും ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷയേകുന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ് ഗവേഷകര്‍.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വൈറസിനെതിരെ അതിശക്തമായ പ്രതിരോധ ശേഷിയും സൃഷ്ടിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. വാക്‌സിന്‍ നല്‍കിയ വോളണ്ടിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുന്നതായി പ്രാഥമിക ട്രയല്‍സ് സ്ഥിരീകരിച്ചിരുന്നു. മറ്റ് വാക്‌സിനുകള്‍ വൈറസിനെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ശരീരത്തില്‍ വൈറസിന്റെ ഭാഗങ്ങള്‍ തയ്യാറാക്കും.

ഈ ടെക്‌നോളജി കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ കൊവിഡ് പ്രോട്ടീന് വിജയകരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ഗവേഷണം തെളിയിച്ചു. ഇതുവഴി കോശങ്ങള്‍ ആയിരത്തോളം തവണ ഇത് ആവര്‍ത്തിച്ച് സൃഷ്ടിക്കും. ഇതുവഴി വ്യക്തിയുടെ പ്രതിരോധ സിസ്റ്റം രോഗത്തെ തിരിച്ചറിഞ്ഞ്, രോഗം ബാധിക്കുന്നതിന് മുന്‍പ് തന്നെ തിരിച്ചടിക്കും.

'ടെക്‌നോളജി എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ വാക്‌സിന്റെ പ്രവര്‍ത്തനം കൃത്യമായി പറയാം. പ്രതീക്ഷിച്ചത് പോലെ ഇത് പ്രവര്‍ത്തിക്കുന്നു. രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഈ വാര്‍ത്ത ശുഭകരമാണ്' ഗവേഷണം നയിച്ച ബ്രിസ്‌റ്റോളിലെ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ & മോളിക്യൂലാര്‍ മെഡിസിനിലെ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു.