LiveTV

Live

International

അന്ന് 'ചില്‍ ഗ്രേറ്റ ചില്‍' എന്ന് ട്രംപ്; ഇന്ന് ബൈഡന് വോട്ട് ചെയ്യൂ എന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്.

അന്ന് 'ചില്‍ ഗ്രേറ്റ ചില്‍' എന്ന് ട്രംപ്; ഇന്ന് ബൈഡന് വോട്ട് ചെയ്യൂ എന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ആര് അമേരിക്കന്‍ പ്രസിഡന്‍റ് ആവുമെന്നത് നിര്‍ണായകമാണെന്നും ഗ്രേറ്റ പറഞ്ഞു.

"ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായിട്ടില്ല. പക്ഷേ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാല്‍ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്, വോട്ട് ചെയ്യേണ്ടത്"- ഗ്രേറ്റ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ ഡോണള്‍ഡ് ട്രംപ് നേരത്തെ പുച്ഛിച്ച് തള്ളിയിരുന്നു. ഗ്രേറ്റയെ പരിഹസിക്കുകയും ചെയ്തു- "ഗ്രേറ്റ സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഗ്രേറ്റ ചില്‍"- എന്നാണ് ട്രംപ് മുന്‍പ് പറഞ്ഞത്.

അതേസമയം പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രേറ്റയുടെ ശ്രമങ്ങള്‍ക്ക് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് വോട്ട് ചെയ്യാന്‍ വായനക്കാരോട് ആഹ്വാനം ചെയ്തു. 200 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് മാഗസിന്‍ രാഷ്ട്രീയ നിലപാട് എടുത്തത്.

ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് കൌമാരക്കാരി സ്വീഡിഷ് പാര്‍ലമെന്‍റിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള പഠിപ്പുമുടക്ക് നടത്തിയാണ് ലോകശ്രദ്ധ നേടിയത്. ഗ്രേറ്റയുടെ സമരം വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഗൌരവവും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയില്‍ ലോകനേതാക്കളോട് തുറന്നടിച്ചു ഗ്രേറ്റ.