കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഉർദുഗാൻ
ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രത്തലവനും ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് എത്താതെയാണ് ഇത്തവണ യു.എൻ പൊതുസഭ ചേരുന്നത്

കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. പൊതുസഭയിൽ പ്രസംഗിക്കവെ, കശ്മീർ പ്രശ്നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ കാര്യമാണെന്നും ഇപ്പോഴും കത്തുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് കശ്മീർ പ്രശ്നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും കശ്മീരി ജനതയുടെ പ്രതീക്ഷകൾ മുഖവിലക്കെടുക്കണമെന്നും ഉർദുഗാൻ പറഞ്ഞു.
'കശ്മീർ പ്രതിസന്ധി ദക്ഷിണേഷ്യയുടെ സ്ഥിരതക്കും സമാധാനത്തിനും അതിപ്രധാനമാണ്. അത് ഇപ്പോഴും കത്തുന്നൊരു പ്രശ്നവുമാണ്. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് അനുകൂലമായ നിലപാടാണ് നമ്മുടേത്. കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരിക്കണം അത്.'റജബ് ത്വയ്യിബ് ഉർദുഗാൻ
ഇന്ത്യയെ പേരെടുത്തു പരാമർശിക്കാതെയാണ് കശ്മീർ പ്രശ്നം ഉർദുഗാൻ ഉന്നയിച്ചത്. എന്നാൽ മറ്റിടങ്ങളിലെ പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്നതിനിടെ അസർബെയ്ജാൻ, അർമീനിയ രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ വർഷത്തെ യു.എൻ ഉന്നതതല യോഗത്തിലും ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. തുർക്കി പ്രസിഡണ്ടിനു പുറമെ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദ്, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവരും കശ്മീർ വിഷയം ഉയർത്തി.
ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രത്തലവനും ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് എത്താതെയാണ് ഇത്തവണ യു.എൻ പൊതുസഭ ചേരുന്നത്. കോവിഡ് കാരണം ഓൺലൈൻ വഴിയാണ് ഇത്തവണ പ്രധാനമന്ത്രിമാരും പ്രസിഡണ്ടുമാരും സഭയെ അഭിസംബോധന ചെയ്യുക. നേരത്തെ റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ യു.എൻ ആസ്ഥാനത്തെ അസംബ്ലി ഹാളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. നേതാക്കളാരും എത്തിയില്ലെങ്കിലും യു.എൻ ആസ്ഥാനത്തിന് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Adjust Story Font
16